19 November, 2023 12:35:31 PM
അഴിമതിയും ധൂർത്തും കൂട്ടാൻ ഒരു യാത്ര: നിഷേധകുറിപ്പുമായി കോട്ടയം ജില്ലാ ഭരണകൂടം
കോട്ടയം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ ആരംഭിച്ച നവകേരള സദസ് വൻഅഴിമതിക്കും ധൂർത്തിനും കളമൊരുക്കുന്നുവെന്ന ആരോപണങ്ങൾക്ക് പിന്നാലെ നിഷേധകുറിപ്പുമായി ഭരണകൂടം.
നവകേരള സദസിന്റെ നടത്തിപ്പിനായി സർക്കാർ ഫണ്ടിന് പുറമേ വ്യാപകമായ രീതിയിൽ പണപിരിവ് നടത്തുന്നതായും വിവിധ സർക്കാർ വകുപ്പുകൾക്ക് ടാർഗറ്റ് നൽകിയിട്ടുള്ളതായും വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതെല്ലാം വസ്തുതാവിരുദ്ധമാണെന്ന് അറിയിച്ചു കൊണ്ട് കോട്ടയം ജില്ലാ ഭരണകൂടമാണ് നിഷേധകുറിപ്പ് ഇറക്കിയത്.
പൊതുമരാമത്ത് വകുപ്പും എക്സൈസ് വകുപ്പും 4 ലക്ഷം വീതം, സഹകരണ രജിസ്ട്രാർ 5 ലക്ഷം രൂപ, സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്ന് മൂന്ന് ലക്ഷം രൂപ, നഗരസഭകൾ മൂന്ന് ലക്ഷം രൂപ വീതം, ബ്ലോക്ക് പഞ്ചായത്ത് 2 ലക്ഷം രൂപ വീതം, പഞ്ചായത്തുകൾ ഒരു ലക്ഷം രൂപ വീതം എന്നിങ്ങനെ പിരിക്കണമെന്ന് നിർദേശമുള്ളതായാണ് വാർത്തകളിലൂടെ പുറത്തു വരുന്ന വിവരം. പോലീസ്, റവന്യു വകുപ്പുകൾക്കും തുക നിശ്ചയിച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ട്.
പിരിവിനു നിർദേശം കിട്ടിയതോടെ ഉദ്യോഗസ്ഥർ ആകെ പ്രതിസന്ധിയിലായി. അബ്കാരികൾ, കരാറുകാർ തുടങ്ങിയവരിൽ നിന്നും പണം കൈപ്പറ്റിയാൽ ഉദ്യോഗസ്ഥർ അവർക്ക് കടപ്പെട്ടവരാകും. ഭാവിയിൽ വഴിവിട്ടുള്ള പ്രവർത്തനങ്ങൾക്ക് വശംവദരാകേണ്ടിയും വരും. ഇത് കൈക്കൂലിയാണെന്നു ആരെങ്കിലും പരാതിപ്പെട്ടാൽ ആ വഴിക്കു നടപടിയുമുണ്ടാകും. അപ്പോൾ പണപിരിവിന് നിർദേശം നൽകിയവർ കൈ കഴുകയും ചെയ്യുമെന്നാണ് ഉദ്യോഗസ്ഥർ പരാതിപ്പെടുന്നത്.
യു ഡി എഫും ബി ജെ പി മുന്നണിയും പരിപാടിയോട് സഹകരിക്കാതായതോടെ സർക്കാർ ചിലവിലുള്ള എൽ ഡി എഫിന്റെ പി ആർ പരിപാടിയായി മാറി ഇതെന്നും ആരോപണം ഉയർന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ മന്ത്രിമാർക്ക് സഞ്ചരിക്കാനുള്ള ആഡംബര ബസ് കൂടിയായപ്പോൾ ധൂർത്ത് അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയെന്നും ആരോപണം ഉയർന്നു. ഇത്തരം ആരോപണങ്ങൾക്ക് പുറമെ പത്രവാർത്തയും വന്നതിടെയാണ് നിഷേധാകുറിപ്പുമായി കോട്ടയം ജില്ലാ ഭരണകൂടം രംഗത്തെത്തിയത്.
നവകേരള സദസിന്റെ കോട്ടയം ജില്ലയിലെ നടത്തിപ്പിന് പണം കണ്ടെത്താൻ സർക്കാർ ഓഫീസുകൾ വഴി പണം പിരിക്കാൻ നിർദേശം നൽകി എന്നുള്ള മാധ്യമവാർത്ത വസ്തുതാവിരുദ്ധമാണെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജി. നിർമൽകുമാർ അറിയിച്ചു. നവകേരളസദസുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള പണപ്പിരിവിനും ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടില്ല. ഇതു സംബന്ധിച്ച ഒരു നിർദേശവും രേഖാമൂലമോ അല്ലാതെയോ ജില്ലാതലത്തിലോ സംസ്ഥാനതലത്തിലോ സർക്കാർ ഓഫീസുകൾക്കു നൽകിയിട്ടില്ല.
നവകേരളസദസിന്റെ നടത്തിപ്പിന് പണം കണ്ടെത്താൻ സർക്കാർ ഓഫീസുകൾക്കു ടാർജറ്റ് നിശ്ചയിച്ചു നൽകി എന്ന നിലയിൽ വന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണ്. വ്യക്തികളടക്കമുള്ളവരിൽ നിന്ന് നവകേരളസദസുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള പണപ്പിരിവും പാടില്ലെന്ന നിർദേശമാണ് നൽകിയിട്ടുള്ളതെന്നും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.