18 November, 2023 07:10:08 PM


'ഏകാന്തത' നിസാരമല്ല; ആരോഗ്യഭീഷണിയായി പ്രഖ്യാപിച്ച്‌ ലോകാരോഗ്യ സംഘടന



ജനീവ : ഏകാന്തത ആഗോള ഭീഷണിയാകുന്ന പൊതുജനാരോഗ്യ പ്രശ്‌നമാണെന്ന് പ്രഖ്യാപിച്ച്‌ ഡബ്ല്യൂഎച്ച്‌ഒ. നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല ഏകാന്തതയെന്നും ഗുരുതരമായ ആരോഗ്യ ഭീഷണിയാണിതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. ഒറ്റയടിക്ക് 15 സിഗരറ്റ് വലിക്കുന്നതിനേക്കാള്‍ മാരകമാണ് ഏകാന്തതയെന്നും ഡബ്ല്യൂഎച്ച്‌ഒ വ്യക്തമാക്കുന്നു.


ഈ സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരം കണ്ടെത്തുന്നതിനായി ഒരു അന്താരാഷ്‌ട്ര കമ്മീഷനെയും ലോകാരോഗ്യ സംഘടന നിയമിച്ചു. യുഎസ് സര്‍ജൻ ജെനറല്‍ ഡോ. വിവേക് മൂര്‍ത്തിയാണ് കമ്മീഷനെ നയിക്കുക. ആഫ്രിക്കൻ യൂണിയൻ യൂത്ത് എൻവോയ് അടക്കമുള്ളവര്‍ കമ്മീഷനില്‍ അംഗങ്ങളാണ്. മൂന്ന് വര്‍ഷമാണ് കമ്മീഷന്റെ കാലാവധി.


കൊറോണ മഹാമാരിക്ക് ശേഷം ഓരോരുത്തരുടെയും സാമ്ബത്തികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളില്‍ വന്ന മാറ്റം ഏകാന്തത വര്‍ദ്ധിപ്പിക്കാൻ കാരണമായെന്നും ഡബ്ല്യൂഎച്ച്‌ ഒ പറയുന്നു. പൊണ്ണത്തടിയും വ്യായാമമില്ലായ്മയും സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളേക്കാള്‍ ഗുരുതരമാണ് ഏകാന്തത അനുഭവിക്കുന്നവര്‍ നേരിടേണ്ടി വരിക.


സമൂഹത്തില്‍ നിന്നും അകന്നുനില്‍ക്കാനുള്ള പ്രവണത ഒടുവില്‍ ഉത്പാദനക്ഷമതയെയും പ്രവര്‍ത്തനക്ഷമതയെയും തകര്‍ക്കുമെന്നാണ് കണ്ടെത്തല്‍. ലോകത്ത് നാലില്‍ ഒരാള്‍ ഏകാന്തത അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. പ്രായമായവരില്‍ ഏകാന്തത ഡിമെൻഷ്യക്ക് കാരണമായേക്കും. 50 ശതമാനം സാധ്യതയാണ് ഇതിനുള്ളത്. അതേസമയം ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 30 ശതമാനമുണ്ടെന്നും ഡബ്ല്യൂഎച്ച്‌ഒ ചൂണ്ടിക്കാട്ടുന്നു.


കൗമാരക്കാരില്‍ 5 മുതല്‍ 15 ശതമാനം വരെ കുട്ടികള്‍ ഏകാന്തത അനുഭവിക്കുന്നു. ആഫ്രിക്കയില്‍ 12.7 ശതമാനം കൗമാരക്കാരും യൂറോപ്പില്‍ 5.3 ശതമാനം കൗമാരക്കാരും ഏകാന്തത അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. ഏകാന്തത മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അതീവ ഗുരതരമായതിനാല്‍ ഇവയ്‌ക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്തുകയാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K