24 April, 2025 09:59:55 AM


പച്ച മുട്ട ചേർത്ത മയോണൈസ് നിരോധിച്ച് വിജ്ഞാപനമിറക്കി തമിഴ്നാട് സർക്കാർ



ചെന്നൈ: പച്ച മുട്ട ചേർത്ത മയോണൈസ് നിരോധിച്ച് വിജ്ഞാപനമിറക്കി തമിഴ്നാട് സർക്കാർ. ഒരു വർഷത്തേക്കാണ് നിരോധനം. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. പച്ച മുട്ടകളിൽ നിന്ന് മയോണൈസ് ഉണ്ടാക്കുന്നതും സംഭരിക്കുന്നതും വിൽക്കുന്നതും നിരോധിച്ചാണ് സർക്കാർ വിജ്ഞാപനമിറക്കിയത്. 

മുട്ടയുടെ മഞ്ഞക്കരു, സസ്യ എണ്ണ, വിനാഗിരി തുടങ്ങിയവ ചേർത്തുണ്ടാക്കുന്ന മയോണൈസിൽ നിന്ന് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ഭക്ഷ്യസുരക്ഷാ അഡ്മിനിസ്ട്രേഷൻ കമ്മീഷണർ ആർ ലാൽവേന പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. സാൽമൊണെല്ല ടൈഫിമുറിയം, സാൽമൊണെല്ല എന്ററിറ്റിഡിസ്, എസ്ഷെറിച്ച കോളി, ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് തുടങ്ങിയ സാൽമൊണല്ല ബാക്ടീരിയകളിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു. 

നിരവധിയിടങ്ങളിൽ മയോണൈസ് തയ്യാറാക്കാൻ അസംസ്കൃത മുട്ട ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കൃത്യമായ ശീതീകരിച്ച സംഭരണ ​​സൗകര്യങ്ങളുടെ അഭാവം പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്നുവെന്നും വിജ്ഞാപനത്തിൽ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K