18 November, 2023 05:47:49 PM
ജോജു ജോർജുവിന്റെ 'പണി'യിൽ നിന്നും പുറത്താക്കി: പരാതിയുമായി ക്യാമറമാന്‍ വേണു
തൃശൂർ: നടന്‍ ജോജു ജോര്‍ജ് സംവിധാനം ചെയ്യുന്ന 'പണി' എന്ന ചിത്രത്തിന്‍റെ ക്യാമറമാന്‍ സ്ഥാനത്ത് നിന്നും പ്രമുഖ ഛായാഗ്രാഹകന്‍ വേണുവിനെ മാറ്റി. തൃശ്ശൂരില്‍ ഒരു മാസമായി നടക്കുന്ന ഷൂട്ടിംഗിന് ശേഷമാണ് വേണുവിനെ മാറ്റി ഇരട്ട എന്ന ചിത്രത്തിന്‍റെ ക്യാമറമാന്‍ വിജയിയെ ക്യാമറമാനാക്കിയത്.
ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരോട് മോശമായി പെരുമാറിയതാണ് വേണുവിനെ മാറ്റാന്‍ കാരണമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ നിര്‍മ്മാതാവ് കൂടിയായ ജോജുവുമായി വേണു തൃശ്ശൂര്‍ പൊലീസ് ട്രെയിനിംഗ് കോളേജിലെ ചിത്രീകരണത്തിനിടെ വഴക്ക് ഉണ്ടാകുകയും ഇത് കൈയ്യാങ്കളിയിലേക്ക് നീങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.
തുടര്‍ന്നാണ് വേണുവിനെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയത്. തനിക്ക് മാത്രമല്ല, മറ്റുള്ളവര്‍ക്ക് കൂടി പ്രശ്‌നം സൃഷ്ടിക്കുന്നതുകൊണ്ടാണ് വേണുവിനെ മാറ്റിയതെന്നാണ് ജോജു പറയുന്നത്. അതേ സമയം തൃശ്ശൂരില്‍ ഹോട്ടലില്‍ താമസിക്കുന്ന തന്നെ ചില ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയതായി വേണു പൊലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച തൃശ്ശൂര്‍ ഈസ്റ്റ് പൊലീസിലാണ് വേണു പരാതി നല്‍കിയത്. തൃശ്ശൂര്‍ വിട്ടില്ലെങ്കില്‍ വിവരം അറിയുമെന്നാണ് ഭീഷണി വന്നതെന്നാണ് വേണു പരാതിയില്‍ പറയുന്നത്. പൊലീസ് ഫോണ്‍ കോളുകള്‍ അടക്കം പരിശോധിക്കുന്നുണ്ടെന്നാണ് വിവരം.
ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന
'പണി' യില്‍ ജോജു തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്. അഭിനയയാണ് നായിക. ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും എ.ഡി സ്റ്റുഡിയോസിന്റെയും ബാനറില്‍ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.