06 November, 2023 04:19:56 PM
മലയാളി നഴ്‌സിനെ യുഎസിൽ കാർ കയറ്റി കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം
കോട്ടയം: മലയാളി നഴ്സിനെ കുത്തിവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനു യുഎസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കോട്ടയം മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയ് - മേഴ്സി ദമ്പതികളുടെ മകൾ മെറിൻ ജോയി (27) കൊല്ലപ്പെട്ട കേസിലാണു ഭർത്താവ് ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യുവിനു (നെവിൻ 37) യുഎസിലെ ഫ്ലോറിഡയിലുള്ള ബോർഡ് കൗണ്ടി കോടതി പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ഫിലിപ്പിനു ജയിൽ മോചിതനാകാൻ സാധിക്കില്ലെന്നു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മയാമിയിലെ കോറൽ സ്പിങ്സിലുള്ള ബ്രോവഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്സായിരുന്ന മെറിനെ ജോലി സ്ഥലത്തു നിന്നു മടങ്ങുന്നതിനിടെ ആശുപത്രിയുടെ കാർ പാർക്കിങ്ങിൽ 2020 ജൂലൈ 28ന് ആണു പ്രതി ആക്രമിച്ചത്. കുത്തിവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയെന്നാണു കേസ്. ഗാർഹിക പീഡനത്തെ തുടർന്നു പിരിഞ്ഞു താമസി ക്കുന്നതിനിടെയാണു മെറിനെ ഫിലിപ് കൊലപ്പെടുത്തിയത്. കേസ് വിസ്താര സമയത്തു കുറ്റം സമ്മതിച്ചതിനാൽ വധശിക്ഷയിൽ നിന്നു ഫിലിപ്പിനെ ഒഴിവാക്കി.