28 October, 2023 08:21:19 AM


ഫുകുഷിമ ആണവനിലയം: നാല് പേര്‍ക്ക് റേഡിയോ ആക്ടീവ് ജലവുമായി സമ്പർക്കം



ടോക്കിയോ: ജപ്പാനിലെ തകര്‍ന്ന ഫുകുഷിമ ആണവനിലയത്തില്‍ നാല് തൊഴിലാളികള്‍ക്ക് റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍ അടങ്ങിയ ജലവുമായി സമ്ബര്‍ക്കമുണ്ടായെന്ന് ടോക്കിയോ ഇലക്‌ട്രിക് പവര്‍ കമ്പനി അറിയിച്ചു. മുൻകരുതല്‍ നടപടിയായി ഇതില്‍ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


മലിനജലത്തെ ഫില്‍ട്ടര്‍ ചെയ്ത് കടലിലേക്ക് ഒഴുക്കിവിടുന്ന പൈപ്പുകള്‍ വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് പേരുടെയും ശരീരത്തിലെ റേഡിയേഷൻ അളവ് ഒരു ചതുരശ്ര സെന്റിമീറ്ററില്‍ 4 ബെക്വറലുകളോ അതില്‍ കൂടുതലോ ആയിരുന്നു. എന്നാല്‍ ഈ പരിധി സുരക്ഷിതമാണെന്നാണ് കണക്കാക്കുന്നത്. ഇവരുടെ നില തൃപ്തികരമാണ്. തുടര്‍ പരിശോധനകള്‍ക്കായി ഇരുവരും രണ്ടാഴ്ചയോളം ആശുപത്രിയില്‍ തുടരണം. അതേ സമയം, അപകടം എങ്ങനെ സംഭവിച്ചുവെന്ന് അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.


ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് പ്ലാന്റിലെ ശുദ്ധീകരിച്ച റേഡിയോ ആക്ടീവ് ജലം കടലിലേക്ക് പുറന്തള്ളുന്ന പ്രക്രിയ ജപ്പാൻ ആരംഭിച്ചത്. 2011ലെ പൊട്ടിത്തെറിക്ക് ശേഷം റിയാക്ടറുകളെ തണുപ്പിക്കാൻ ഉപയോഗിച്ചതടക്കം ഫുകുഷിമ ആണവ നിലയത്തില്‍ ശുദ്ധീകരിച്ച്‌ സൂക്ഷിച്ചിട്ടുള്ള റേഡിയോ ആക്ടീവ് ജലമാണിത്. ജലം സൂക്ഷിച്ചിരിക്കുന്ന ഭീമൻ ടാങ്കുകളിലെ സംഭരണശേഷി പൂര്‍ത്തിയായതോടെയാണ് നീക്കം.


30 വര്‍ഷംകൊണ്ട് 13 ലക്ഷം ടണ്‍ ജലം ഒഴുക്കാനാണ് ലക്ഷ്യം. ജലത്തില്‍ നിന്ന് ഹൈഡ്രജന്റെയും കാര്‍ബണിന്റെയും റേഡിയോ ആക്ടീവ് രൂപങ്ങളായ ട്രിറ്റിയവും കാര്‍ബണ്‍ - 14ഉം ഒഴികെയുള്ള റേഡിയോ ആക്ടീവ് ഐസൊടോപ്പുകള്‍ ശുദ്ധീകരിച്ച്‌ മാറ്റുന്നു. ട്രിറ്റിയവും കാര്‍ബണ്‍ - 14ഉം ജലത്തില്‍ നിന്ന് വേര്‍തിരിക്കാൻ വളരെ ബുദ്ധിമുട്ടാണ്. തീരെ ചെറിയ അളവില്‍ മാത്രം റേഡിയേഷൻ പുറത്തുവിടുന്ന ഇവ രണ്ടും വളരെയധികമായാല്‍ മാത്രമേ മനുഷ്യന് ദോഷകരമാകൂ.


കടലിലേക്ക് ഒഴുക്കുന്ന ജലത്തില്‍ ഇവയുടെ അളവ് അനുവദനീയമായ പരിധിയില്‍ നിന്ന് വളരെയേറെ താഴേയാണ്. കടലിലേക്ക് ഒഴുക്കുന്ന ജലം സുരക്ഷിതമാണെന്നും മനുഷ്യര്‍ക്കോ പാരിസ്ഥിതിക്കോ ഹാനികരമാകുന്ന തരത്തിലെ റേഡിയോ ആക്ടീവ് ഘടകങ്ങളുടെ സാന്നിദ്ധ്യമില്ലെന്നും യു.എൻ സ്ഥിരീകരിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K