24 October, 2023 10:28:33 AM


രണ്ട് ഇസ്രായേലി ബന്ദികളെ മോചിപ്പിച്ചതായി ഹമാസ്; സ്ഥിരീകരിക്കാതെ ഇസ്രായേല്‍



ടെല്‍ അവീവ്: ഗാസ മുനമ്പില്‍ തടവിലാക്കിയ രണ്ട് ഇസ്രായേല്‍ ബന്ദികളെ മോചിപ്പിച്ചതായി ഹമാസ്. മാനുഷിക കാരണങ്ങളാല്‍ പ്രായമായ ബന്ദികളെ വിട്ടയച്ചു എന്നാണ് ഹമാസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. മാനുഷികവും ആരോഗ്യപരവുമായ കാരണങ്ങളാല്‍ അവരെ വിട്ടയക്കാന്‍ തങ്ങള്‍ തീരുമാനിച്ചു എന്നും എന്നാല്‍ ഇസ്രായേല്‍ ഇവരെ സ്വീകരിക്കാന്‍ വിസമ്മതിച്ചു എന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.

നൂറ് കൂപ്പര്‍ (79), യോചെവെദ് ലിഫ്ഷിറ്റ്‌സ് (85) എന്നിവരെയാണ് വിട്ടയച്ചത് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസ അതിര്‍ത്തിക്കടുത്തുള്ള നിര്‍ ഓസിലെ കിബ്ബ്സിലാണ് രണ്ട് പേരേയും അവരുടെ ഭര്‍ത്താക്കന്മാരെയും അവരുടെ വീടുകളില്‍ നിന്ന് ബന്ദികളാക്കിയത്. എന്നാല്‍ ഇവരുടെ ഭര്‍ത്താക്കന്മാരെ വിട്ടയച്ചിട്ടില്ല. അതേസമയം ഇത് സംബന്ധിച്ച് ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

എന്നാല്‍ ബന്ദികളെ മോചിപ്പിക്കാന്‍ സഹായിച്ചതായി ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റി പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം അവരെ ഗാസയില്‍ നിന്ന് കൊണ്ടുപോകും എന്നും റെഡ് ക്രോസ് അറിയിച്ചു. 'ഒരു നിഷ്പക്ഷ ഇടനിലക്കാരന്‍ എന്ന നിലയിലുള്ള തങ്ങളുടെ പങ്ക് ഈ ജോലി സാധ്യമാക്കുന്നു. ഭാവിയിലും ഇത്തരം മോചനങ്ങള്‍ക്ക് ഞങ്ങള്‍ തയ്യാറാണ്,' റെഡ് ക്രോസ് വ്യക്തമാക്കി. 

മോചിപ്പിച്ച തടവുകാര്‍ ഈജിപ്ഷ്യന്‍ റഫ ക്രോസിംഗില്‍ എത്തിയതായി ഈജിപ്ഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗാസ മുനമ്പില്‍ നിന്ന് രണ്ട് സ്ത്രീകളെ മോചിപ്പിക്കുന്നതില്‍ ഈജിപ്തിന്റെ ശ്രമങ്ങള്‍ വിജയിച്ചിട്ടുണ്ടെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബന്ദികളെ മോചിപ്പിച്ച പ്രക്രിയയില്‍ ടെല്‍ അവീവിന് ഒരു പങ്കുമില്ലെന്നും റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ വെള്ളിയാഴ്ച രണ്ട് അമേരിക്കന്‍ പൗരന്‍മാരെ ഹമാസ് മോചിപ്പിച്ചിരുന്നു.

ഒക്ടോബര്‍ 7 നാണ് ഹമാസ് ഇസ്രായേലില്‍ ആക്രമണം നടത്തിയത്. കുറഞ്ഞത് 220 ഇസ്രായേല്‍ പൗരന്മാരെങ്കിലും ഹമാസിന്റെ തടവിലാണ് എന്നാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്. ഹമാസിന്റെ ആക്രമണത്തിലും ഇസ്രായേലിന്റെ പ്രത്യാക്രമണത്തിലും അയ്യായിരത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അതേസമയം ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തലിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഹമാസ് ബന്ദികളെ ആദ്യം മോചിപ്പിക്കണമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം.

'ആ ബന്ദികളെ മോചിപ്പിക്കണം, എന്നിട്ട് നമുക്ക് സംസാരിക്കാം,'' ബൈഡന്‍ പറഞ്ഞു. അതിനിടെ തിങ്കളാഴ്ച ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം വര്‍ധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഫോടനത്തില്‍ മാത്രം 436 പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K