23 October, 2023 09:34:26 AM


200 കി.മീ. വേഗതയില്‍ തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്; സലാല തുറമുഖം അടച്ചു



മസ്കറ്റ്: തേജ് ചുഴലിക്കാറ്റ് തീരത്തേക്ക് നീങ്ങിയതോടെ മുന്നൊരുക്കം ശക്തമാക്കി ഒമാൻ. രണ്ടു പ്രവിശ്യകളിൽ ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദോഫാർ ഗവർണറേറ്റിലും അൽ വുസ്ത ഗവർണറേറ്റിലെ അൽ ജസാർ വിലായത്തിലും ആണ് അവധി. 200 കിലോമീറ്റർ വേഗതയുള്ള ചുഴലിക്കാറ്റ് നിലവിൽ ഒമാൻ തീരത്തേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. തീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ഇന്നും നാളെയും നിർണായകമാണ്.

ദോഫാർ ഗവർണറേറ്റിലെ ദ്വീപുകളിൽ നിന്നും, തീരപ്രദേശങ്ങളിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുകയാണ്. 20 സെന്‍റമീറ്ററിന് മുകളിൽ മഴ പെയ്യുമെന്നും 70 കിലോമീറ്ററിന് മുകളിൽ വരെ വേഗത്തിൽ കാറ്റ് വീശുമെന്നുമാണ് മുന്നറിയിപ്പ്. തേജ് ചുഴലിക്കാറ്റ് ഒമാന്റെ അൽദോഫർ, അൽ വുസ്ത എന്നീ ഗവർണർറേറ്റുകളിൽ ആഞ്ഞു വീശുന്ന പശ്ചാത്തലത്തില്‍ ദേശീയ കേന്ദ്രം പുറപ്പെടുവിച്ച മുന്നറിയിപ്പ് കണക്കിലെടുത്തും രോഗികളുടെയും സന്ദർശകരുടെയും സുരക്ഷ മുൻനിർത്തിയും അൽ ദഹാരിസ്, ന്യൂ സലാല എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾ ഇന്ന് ഉച്ചയ്ക്ക് ഒമാൻ സമയം 2.30 മുതൽ അടച്ചിടാൻ ഒമാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ അൽ-സഅദ, അവഖാദ്, സലാല അൽ ഗർബിയ എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനം തുടരും.

ചില റൂട്ടുകളിൽ ബസ്, ഫെറി സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി മുവാസലാത്ത് അറിയിച്ചു. മസ്‌കത്ത്​-ഹൈമ-സലാല , മസ്‌കത്ത്​-മർമുൽ- സലാല എന്നീ സർവീസുകളാണ്​ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്​. അൽ ഹലാനിയത്ത്-താഖ റൂട്ടിൽ ഫെറി സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്​. അതേസമയം തേജ് ചുഴലിക്കാറ്റിന്‍റെ ആഘാതം നേരിടുന്നതിന്‍റെ തയ്യാറെടുപ്പിനായി ദോഫാർ ഗവർണറേറ്റിലെ ഹലാനിയത്ത് ദ്വീപുകളിലെയും, സലാല, രഖ്യുത്, ധൽകോട്ട് എന്നീ വിലായത്തുകളിലെയും തീരപ്രദേശങ്ങളിലെയും താമസക്കാരെ ഒഴിപ്പിക്കാൻ ഒമാൻ ദേശീയ ദുരന്ത നിവാരണ സമിതി (എൻസിഇഎം) തീരുമാനിച്ചു.

തേജ് ചുഴലിക്കാറ്റ് മൂലം ഉണ്ടായേക്കാവുന്ന ഏത് അടിയന്തര സാഹചര്യത്തെയും നേരിടുവാൻ ഒമാൻ ദുരന്ത നിവാരണ സമതി തയ്യാറായി കഴിഞ്ഞു. ദോഫാർ ഗവർണറേറ്റിൽ 32 ഷെൽട്ടർ സെന്ററുകളും അൽ വുസ്ത ഗവർണറേറ്റിൽ 3 ഷെൽട്ടർ സെന്ററുകളും ഒരുക്കിയിട്ടുണ്ട്. ഒമാൻ തീരത്ത് നിന്ന് ഏകദേശം 450 കിലോമീറ്റർ അകലെ അറബിക്കടലിന് തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന കാറ്റഗറി മൂന്ന് ചുഴലിക്കാറ്റാണ് തേജ്. അതിന്റെ പ്രഭവ കേന്ദ്രത്തിനടുത്തുള്ള കാറ്റിന്റെ വേഗത 96-120 നോട്ട് ആണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K