22 October, 2023 09:40:18 AM
ജനങ്ങള്‍ തെക്കൻ ഗാസയിലേക്ക് ഒഴിഞ്ഞുപോകണം; വ്യോമാക്രമണം ശക്തമാക്കും - ഇസ്രയേൽ
അവീവ്: ശനിയാഴ്ച മുതല്‍ ഗാസയില്‍ വ്യോമാക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍. ഹമാസിനെതിരായ യുദ്ധം അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിനുമുന്നോടിയായാണ് നടപടിയെന്നും ഇസ്രയേലി സൈനികവക്താവ് അഡ്മിറല്‍ ഡാനിയേല്‍ ഹഗാരി ശനിയാഴ്ച പറഞ്ഞു.
കരയുദ്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. കരയുദ്ധത്തിനായി ഗാസയിലേക്ക് കടക്കുന്ന ഇസ്രയേല്‍ സൈനികര്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കാനാണ് വ്യോമാക്രമണം ശക്തമാക്കുന്നത്. ജനങ്ങളോട് തെക്കൻ ഗാസയിലേക്ക് പലായനം ചെയ്യണമെന്നും അദ്ദേഹം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
അതേസമയം, കരയുദ്ധം വൈകിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി പാശ്ചാത്യരാജ്യങ്ങള്‍. ഇരുനൂറിലധികം ബന്ദികളുടെ മോചനം പ്രതിസന്ധിയിലാകുമെന്നതിനാലാണിത്. രണ്ട് യു.എസ്. വനിതകളെ ഹമാസ് വിട്ടയച്ചതിനുപിന്നാലെയാണ് യു.എസും ബ്രിട്ടനുമടക്കം അനുനയനീക്കവുമായി രംഗത്തെത്തിയത്. സഖ്യകക്ഷിയെന്നനിലയില്‍ കരയുദ്ധം പാടില്ലെന്ന് ഇസ്രയേലിനോട് പറയാനാകില്ലെങ്കിലും വൈകിപ്പിക്കാനാകുമെന്നാണ് ഈ രാജ്യങ്ങള്‍ കരുതുന്നത്.
കരയുദ്ധം തുടങ്ങുന്നത് ലെബനീസ് സായുധസംഘടനയായ ഹിസ്ബുള്ളയെ പ്രകോപിപ്പിക്കുമെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍. അങ്ങനെ സംഭവിച്ചാല്‍ വടക്കൻ ഇസ്രയേലും സംഘര്‍ഷഭരിതമാകും. അതേസമയം, ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്രള്ള ഇസ്രയേലിനുനേരെ പൂര്‍ണതോതിലുള്ള യുദ്ധം നയിക്കാൻ താത്പര്യപ്പെടുന്നില്ലെന്നും വിലയിരുത്തലുണ്ട്.
മാനുഷികസഹായത്തിനായി റാഫ അതിര്‍ത്തിയിലേക്ക് കണ്ണുംനട്ടിരുന്ന ഗാസക്കാര്‍ക്ക് പ്രതീക്ഷപകരുന്ന കാഴ്ചയായിരുന്നു ശനിയാഴ്ചത്തേത്. മരുന്നുകളും ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും പുതപ്പുകളുമായി ട്രക്കുകള്‍ ഗാസയിലെത്തിത്തുടങ്ങി. പ്രാദേശികസമയം പത്തിന് അതിര്‍ത്തി തുറക്കുമെന്ന് ജറുസലേമിലെ യു.എസ്. എംബസി അറിയിച്ചിരുന്നു. വൈകാതെ ഗാസയിലേക്ക് മാനുഷികസഹായമെത്തുമെന്ന് യു.എൻ. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗു?ട്ടെറസ് അറിയിച്ചു.
ആദ്യഘട്ടത്തില്‍ 20 ട്രക്കുകള്‍ കടത്തിവിടുമെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേല്‍ ഫത്താ അല്‍ സിസി അറിയിച്ചിരുന്നു. ഒരാഴ്ചയിലധികം നീണ്ട നയതന്ത്രചര്‍ച്ചകള്‍ക്കും മധ്യസ്ഥങ്ങള്‍ക്കുമൊടുവിലായിരുന്നു തീരുമാനം. എന്നാല്‍, വ്യോമാക്രമണത്തില്‍ അതിര്‍ത്തിപ്രദേശത്തെ റോഡുകള്‍ തകര്‍ന്നതിനാല്‍ സഹായമെത്തിക്കുന്നത് വൈകുകയായിരുന്നു. റോഡുകളില്‍ റോക്കറ്റുകള്‍ പതിച്ചും മറ്റും രൂപപ്പെട്ട ഗര്‍ത്തങ്ങള്‍ താത്കാലികമായി അടച്ചാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെയും യു.എൻ. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗു?ട്ടെറസിന്റെയും പശ്ചിമേഷ്യൻ സന്ദര്‍ശനം റാഫ അതിര്‍ത്തിവഴി മാനുഷികസഹായമെത്തിക്കുന്നതില്‍ നിര്‍ണായകമായി. ഹമാസ് ബന്ദികളാക്കിയ ഇരുനൂറില്‍പ്പരം ആളുകളെ വിട്ടയക്കുന്നതുവരെ ഗാസയ്ക്ക് ഒരു സഹായവും ലഭ്യമാക്കില്ലെന്നായിരുന്നു ഇസ്രയേലിന്റെ നിലപാട്. പിന്നീട് ബൈഡനുമായുള്ള ചര്‍ച്ചയിലാണ് ഗാസയ്ക്ക് ഈജിപ്ത് വഴി പരിമിത മാനുഷികസഹായമെത്തിക്കുന്നതിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പച്ചക്കൊടി വീശിയത്. എന്നാല്‍, ഈ സഹായം ഹമാസിന്റെ കൈകളിലെത്തിയാല്‍ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി.