20 October, 2023 08:10:23 PM
25 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിൽ
കിടങ്ങൂർ: ചേർപ്പുങ്കലിൽ പ്രവർത്തിക്കുന്ന പ്രമുഖ സൂപ്പർ മാർക്കറ്റിലെ ഹെഡ് ഓഫീസിൽ നിന്നും വ്യാജ വൗച്ചറും, രസീതും ഉണ്ടാക്കി 25 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം അന്തിനാട് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ വിഷ്ണു കെ.മോഹൻ (25) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ചേർപ്പുങ്കലിൽ പ്രവർത്തിക്കുന്ന പ്രമുഖ സൂപ്പർ മാർക്കറ്റിന്‍റെ ഹെഡ് ഓഫീസിൽ അക്കൗണ്ടന്‍റ് ആയി ജോലി ചെയ്തിരുന്ന ഇയാൾ ഏപ്രിൽ മാസം മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ വ്യാജ വൗച്ചറും, പർച്ചേസ് ബില്ലും തയ്യാറാക്കി ഈ സ്ഥാപനത്തിന്‍റെ ബ്രാഞ്ചുകളായ പാലാ, കോട്ടയം, കൂത്താട്ടുകുളം മുട്ടം, കൊല്ലപ്പള്ളി എന്നീ സൂപ്പർമാർക്കറ്റുകളിലേക്ക് സാധനങ്ങൾ പർച്ചേസ് ചെയ്തു എന്നു പറഞ്ഞ് വ്യാജ ഐ.ഡി മുഖാന്തരം അക്കൗണ്ട് നിർമ്മിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. കൂടാതെ ഇവരുടെ സ്ഥാപനത്തിൽ നിലവിൽ ജോലിയിൽ ഇല്ലാതിരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പേരിൽ അറ്റൻഡൻസ് രേഖപ്പെടുത്തി ഇവരുടെ പേരിലുള്ള ശമ്പളവും ഉള്‍പ്പെടെ 24,84,900 രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു.
സംശയം തോന്നിയ അധികൃതർ പോലീസിൽ പരാതി നൽകുകയും, കിടങ്ങൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തുകയും, ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾ ഇങ്ങനെ തട്ടിയെടുത്ത പണം ഓൺലൈൻ ചൂതാട്ടത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്ന് പോലീസിനോട് പറഞ്ഞു. കിടങ്ങൂർ സ്റ്റേഷൻ എസ്.ഐ കുര്യൻ മാത്യു, സി,പി,ഓ മാരായ അരുൺകുമാർ പി.സി, സന്തോഷ് കെ.എസ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.