20 October, 2023 08:46:53 AM
ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമാകുന്നു; ക്രൈസ്തവ പള്ളിക്ക് നേരെയും ആക്രമണം
ടെൽ അവീവ്: ഗാസക്കെതിരെ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. ക്രൈസ്തവ ദേവലായത്തിന് നേരെയും ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും നടന്ന ബോംബ് ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഗാസയുടെ അൽ നഗരമായ അൽ-സെയ്ടൂണിലെ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിക്ക് നേരെയാണ് ആക്രണണം ഉണ്ടായത്.
ക്രൈസ്തവ വിശ്വാസികൾക്ക് പുറമേ, അഭയാർത്ഥികളായി നിരവധി ഇസ്ലാം മത വിശ്വാസികളും പള്ളിക്കകത്ത് ഉണ്ടായിരുന്നു. അൽ നാബിയിലെ ജനവാസ കേന്ദ്രത്തിലും ഇസ്രയേൽ ഷെൽ ആക്രമണം നടത്തി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ ഇസ്രയേലിനെ ലക്ഷ്യമാക്കി യെമനിൽ നിന്ന് തൊടുത്ത മിസൈലുകളും ഡ്രോണുകളും തങ്ങളുടെ യുദ്ധക്കപ്പൽ നിർവീര്യമാക്കിയതായി അമേരിക്ക അവകാശപ്പെട്ടു. ഇസ്രയേലിനായി കൂടുതൽ ആയുധങ്ങൾ എത്തിച്ചതായും അമേരിക്ക വ്യക്തമാക്കി.
സഖ്യരാജ്യങ്ങളെ ഉപേക്ഷിക്കാൻ ആവില്ലെന്നാണ് ഇസ്രയേലിന് ആയുധം നൽകിയതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍റെ പ്രതികരണം. ഇസ്രയേലിന് കൂടുതൽ സാമ്പത്തിക സഹായം നൽകാൻ യുഎസ് കോൺഗ്രസിൻ്റെ അനുമതി തേടുമെന്ന് പറഞ്ഞ അദ്ദേഹം ടെലിവിഷനിലൂടെ സ്വന്തം രാജ്യത്തെ ജനത്തോട് സംസാരിച്ചു. 9/11 ന് ശേഷം അമേരിക്ക കാട്ടിയ പിഴവുകളിൽ നിന്ന് പാഠം പഠിക്കാൻ ഇസ്രയേലിനോട് ബൈഡൻ ആവശ്യപ്പെട്ടു. ക്രോധത്താൽ അന്ധരാകരുത് എന്നും ഉപദേശിച്ചു. ഹമാസിനെയും റഷ്യൻ പ്രസിഡൻ്റിനെയും താരതമ്യപ്പെടുത്തിയ ബൈഡൻ, ഹമാസും പുടിനും വ്യത്യസ്ത ഭീഷണികളാണെന്നും ഇരുവരും അയൽരാജ്യത്തെ ജനാധിപത്യത്തെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും വിമർശിച്ചു.