19 October, 2023 08:42:59 PM


ഹരിപ്പാട് മൃതദേഹം ചാലിൽ കണ്ടെത്തിയ സംഭവം: കൊലപാതകം; സുഹൃത്ത് പിടിയിൽ



ഹരിപ്പാട്: ചെറുതന വെട്ടോലി ക്ഷേത്രത്തിന് സമീപമുള്ള വെള്ളക്കെട്ടിൽ മൃതദേഹം കാണപ്പെട്ട സംഭവം കൊലപാതകമാണന്ന് തെളിഞ്ഞു. തുലാംപറമ്പ് പുത്തൻപുരയ്ക്കൽ പടീറ്റതിൽ ചന്ദ്രന്‍റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. 

ചന്ദ്രന്‍റെ  സുഹൃത്തും കേസിലെ പ്രതിയുമായ ചെറുതന ആയാപറമ്പ് പാട്ടത്തിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഗോപാലകൃഷ്ണനെ(67) വീയപുരം പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹത്തിലെ പരിക്കുകളിൽ സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിന് ഒടുവിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

കഴിഞ്ഞ 14 ന് ചന്ദ്രൻ, സൈക്കിളിൽ ഗോപാലകൃഷ്ണന്‍റെ വീട്ടിലേക്ക് പോയതായി മനസിലാക്കിയ അന്വേഷണ സംഘം ഇതിന്‍റെ  ചുവടുപിടിച്ചാണ് അന്വേഷണം നടത്തിയത്. ഗോപാലകൃഷ്ണൻ മൂന്ന് ദിവസമായി വാടകവീട്ടിൽ വരുന്നില്ലെന്നും കടബാധ്യതയുള്ളതായും മനസിലാക്കി. മകളുടെ വീട്ടിലേക്ക് പോയ ഗോപാലകൃഷ്ണനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് കൊലപാതക കേസിന്‍റെ  ചുരുളഴിഞ്ഞത്.

ഗോപാലകൃഷ്ണന്‍റെ  വീട്ടിലെത്തിയ ചന്ദ്രനോട് പണം കടം ചോദിച്ചെങ്കിലും കൊടുക്കാത്തതിനെ തുടർന്ന് വാക്കുതർക്കം ഉണ്ടായി. ഗോപാലകൃഷ്ണൻ പിടിച്ചു തള്ളിയതിനെ തുടർന്ന് ചന്ദ്രന്‍ കട്ടിളപടിയില്‍ തലയിടിച്ച് വീണു. തടികഷ്ണം കൊണ്ട് ചന്ദ്രന്‍റെ  തലക്ക് തുടർച്ചയായി അടിക്കുകയും കൈയിൽ കിടന്ന സ്വർണമോതിരം ഊരിയെടുക്കുകയും ചെയ്തു. പിന്നീട് റോഡിൽ ആളില്ലെന്ന് മനസിലാക്കിയ ശേഷം ചന്ദ്രനെ വീടിന്‍റെ  തെക്കുവശത്തുള്ള തോട്ടിൽ കൊണ്ട് ഇടുകയും മൊബൈൽ ഫോൺ വലിച്ചെറിയുകയും ചെയ്തു. ചന്ദ്രന്‍റെ  ചെരിപ്പും സൈക്കിളും ഗോപാലകൃഷ്ണന്‍റെ  വീട്ടിൽ നിന്നും കുറച്ചു മാറി കൊണ്ടുവയ്ക്കുകയും പിന്നീട് മകളുടെ വീട്ടിലേക്ക് പോകുകയുമായിരുന്നു.

കളഞ്ഞു കിട്ടിയതാണെന്ന് പറഞ്ഞ് മോതിരം പണയം വയ്ക്കാൻ മകളുടെ കൈവശം കൊടുത്ത് വിട്ടു. ഹരിപ്പാട്ടുള്ള ധനകാര്യസ്ഥാപനത്തിൽ മോതിരം പണയം വച്ച് 35000 രൂപ വാങ്ങി. വിവിധ ആവശ്യങ്ങൾക്കായി പണം ചെലവഴിക്കുകയും ചെയ്തു. ഇവിടെ നിന്നാണ് ഗോപാലകൃഷ്ണനെ പോലീസ് പിടികൂടിയത്.

കായംകുളം ഡി വൈ എസ് പി അജയനാഥ്,ഹരിപ്പാട് എസ് ഐ ഷെഫീക്ക്, വീയപുരം എസ് ഐ ബൈജു, എ എസ് ഐ ബിന്ദു, സീനിയർ സി പി ഒ ബാലകൃഷ്ണൻ, സി പി ഒമാരായ അജിത്ത് കുമാർ,രഞ്ജിത്ത്കുമാർ, പ്രേം കുമാർ, സോണിമോൻ,നിഷാദ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K