18 October, 2023 11:14:42 AM


ഗാസയിലെ ആശുപത്രിയിൽ വ്യോമാക്രമണം: 500 പേർ മരിച്ചു



ടെൽ അവിവ്: ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ ഗാസയിലെ ആശുപത്രിയിൽ വ്യോമാക്രമണം. അഞ്ഞൂറോളം പലസ്തീൻകാർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നവരും, ആക്രമണം ഭയന്ന് ആശുപത്രിവളപ്പിൽ അഭയം തേടിയവരുമാണ് മരിച്ചത്.

വടക്കൻ ഗാസയിൽ നിന്ന് എല്ലാ ജനങ്ങളും ഒഴിഞ്ഞു പോകണമെന്ന ഇസ്രയേലിന്‍റെ അന്ത്യശാസന കാലാവധി പിന്നിട്ടതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. എന്നാൽ, ഹമാസ് തീവ്രവാദികൾ തന്നെ തൊടുത്ത റോക്കറ്റ് ലക്ഷ്യം തെറ്റി ആശുപത്രിയിൽ പതിച്ചതാണെന്നാണ് ഇസ്രയേലിന്‍റെ വാദം. ഇസ്രയേൽ യുദ്ധക്കുറ്റം ചെയ്തതായി ഹമാസും ആരോപിച്ചു.

ആശുപത്രിയിലുണ്ടായ ആക്രമണത്തെ ഐക്യരാഷ്ട്ര സഭയും ലോകാരോഗ്യ സംഘടനയും ശക്തമായി അപലപിച്ചു. രാജ്യാന്തര നിയമ പ്രകാരം സംരക്ഷണമുള്ള സ്ഥാപനത്തിലാണ് ആക്രമണം നടന്നിരിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടിറെസ് ചൂണ്ടിക്കാട്ടി. അറബ് രാജ്യങ്ങളും ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ചു. ഇസ്രയേൽ ഉടൻ സൈനിക നടപടി നിർത്തിവയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രയേൽ എല്ലാ അതിരുകളും ലംഘിക്കുകയാണെന്നായിരുന്നു പലസ്തീൻ പ്രസിഡന്‍റ് മെഹമൂദ് അബ്ബാസിന്‍റെ പ്രതികരണം.

തെക്കൻ ഗാസയിലേക്ക് ഒഴിഞ്ഞുപോകാൻ സുരക്ഷിത ഇടനാഴി തുറന്നതായി ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നെങ്കിലും, തെക്കൻ ഗാസയിലെ ജനവാസ പ്രദേശത്തും ആക്രമണമുണ്ടായി. ഇവിടെ എൺപതു പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. ഇതിൽ ഹമാസ് കമാൻഡർ അയ്മൻ നൗഫലും ഉൾപ്പെടുന്നു. ദൈറുൽ ബലായിലെ അൽ മഗാസി അഭയാർഥി ക്യാംപിലുണ്ടായ ആക്രമണത്തിൽ ഏഴു പേരും മരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K