24 September, 2023 05:47:21 PM
ചങ്ങനാശ്ശേരിയില്‍ യുവാക്കളെ ആക്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ
ചങ്ങനാശ്ശേരി: യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി ഇത്തിത്താനത്തു നിന്നും ചെത്തിപ്പുഴ കുരിശുംമൂട് എക്സൽ നഗർ ഭാഗത്ത് വാടകയ്ക്കു താമസിച്ചു വരുന്ന മിഥുൻ തോമസ് (36), തിരുവല്ല പെരിങ്ങര, കാരയ്ക്കൽ സ്വാമിപാലം ഭാഗത്ത് അമ്പാടി വീട്ടിൽ സുനിൽകുമാർ.ജി (49), കോട്ടയം അയ്മനം മരിയാതുരുത്ത് ഭാഗത്ത് മാധവാലയം വീട്ടിൽ ജിഷ്ണു (32) എന്നിവരേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രിയിൽ പാറേൽ പള്ളി ഭാഗത്ത് വെച്ച് യുവാക്കൾ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി ഇവരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് തൊട്ടുമുമ്പ് ചങ്ങനാശ്ശേരി എസ്.എച്ച് ജംഗ്ഷൻ ഭാഗത്ത് വെച്ച് ബഹളം ഉണ്ടാക്കുകയായിരുന്ന ഇവരുടെ ഫോട്ടോ കാറിൽ എത്തിയ യുവാക്കൾ എടുത്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് ഇവരെ പിന്തുടർന്ന് പാറേൽ പള്ളി ഭാഗത്ത് വെച്ച് കാർ തടഞ്ഞുനിർത്തി ഇവരെ ആക്രമിച്ചത്.
തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ ഇവരെ വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയായിരുന്നു.
മിഥുൻ തോമസിന് ചങ്ങനാശ്ശേരി സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്. ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ മാരായ ജയകൃഷ്ണൻ, ഗോപകുമാർ, രാജ് മോഹൻ,എ.എസ്.ഐ ജിജു തോമസ്, മുഹമ്മദ് ഷാം എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.