13 September, 2023 07:53:41 PM
റോഡുപണിക്കായി സൂക്ഷിച്ച ഇരുമ്പ് സാമഗ്രികള്‍ മോഷ്ടിച്ച 4 ചങ്ങനാശ്ശേരി സ്വദേശികള്‍ അറസ്റ്റില്‍
ചങ്ങനാശ്ശേരി : അറ്റകുറ്റപ്പണികൾക്കായി സൂക്ഷിച്ചിരുന്ന ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പാറക്കൽ കലുങ്ക് ഭാഗത്ത് മുണ്ടുചിറ വീട്ടിൽ മഹേഷ് അപ്പുക്കുട്ടൻ(42), ചങ്ങനാശ്ശേരി പാറക്കൽ കലുങ്ക് ഭാഗത്ത് എ.സി കോളനിയിൽ സുനീഷ് ജെ (28), ചങ്ങനാശ്ശേരി പാറക്കൽ കലുങ്കുഭാഗത്ത് അഖിൽ ഭവനം വീട്ടിൽ അതുൽ (23), ഇയാളുടെ സഹോദരൻ അഖിൽ (21) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ജൂലൈ 31ആം തീയതി രാത്രി ചങ്ങനാശ്ശേരി-ആലപ്പുഴ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾക്കായി ഇറക്കിയിട്ടിരുന്ന കമ്പിയും മറ്റ് ഇരുമ്പ് പൈപ്പ് ചാനലുകളും അടങ്ങിയ സാമഗ്രികൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. സൈറ്റ് എൻജിനീയറുടെ പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാക്കളെ തിരിച്ചറിഞ്ഞ് ഇവരെ വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടുകയുമായിരുന്നു.
മഹേഷ് അപ്പുക്കുട്ടൻ, സുനീഷ് എന്നിവർക്ക് ചങ്ങനാശ്ശേരിയിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ, പ്രസാദ് നായർ, എ.എസ്.ഐ രഞ്ജീവ് ദാസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.