11 September, 2023 04:19:50 PM


ബംഗ്ലാവ് വിൽക്കുന്നതിൽ തർക്കം; സുപ്രീംകോടതി അഭിഭാഷകയായ ഭാര്യയെ ഭർത്താവ് കൊന്നു



നോയിഡ: ബംഗ്ലാവ് വിൽക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സുപ്രീംകോടതി അഭിഭാഷകയായ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. മുൻ ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥനായ അജയ് നാഥ് (62)ആണ് ഭാര്യ രേണു സിൻഹ(61)നെ കൊലപ്പെടുത്തിയത്. ഞായറാഴ്ച്ചയായിരുന്നു സംഭവം. കൊലപാതകത്തിനു ശേഷം ബംഗ്ലാവിലെ സ്റ്റോർ റൂമിൽ ഒളിച്ചിരുന്ന അജയ് നാഥിനെ ഇന്നാണ് യുപി പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്.

രണ്ട് ദിവസമായി രേണു സിൻഹയെ ഫോണിൽ വിളിച്ചിട്ട് ലഭിക്കാത്തതിനെ തുടർന്ന് സഹോദരൻ പരാതി നൽകിയതോടെയാണ് കൊലപാതകം കണ്ടെത്തിയത്. രേണു സിൻഹയെ അന്വേഷിച്ച് ഇവർ താമസിക്കുന്ന ബംഗ്ലാവിൽ പൊലീസ് എത്തിയെങ്കിലും അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. തുടർന്ന് വാതിൽ കുത്തിപ്പൊളിച്ചാണ് പൊലീസ് അകത്തു പ്രവേശിച്ചത്.

വീടിനുള്ളിലെ കുളിമുറിയിലാണ് രേണു സിൻഹയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവായ അജയ് നാഥിനെ സംഭവ സ്ഥലത്ത് കാണാതായതോടെയാണ് രേണു സിൻഹയുടെ സഹോദരൻ ആരോപണം ഉന്നയിച്ചത്. സഹോദരിയെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് പൊലീസിൽ പരാതി നൽകി. അജയ് നാഥിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു. ഇതോടെ സംശയം ബലപ്പെട്ടു.

രേണു സിൻഹയുമായി അജയ് നാഥുമായി പതിവായി വഴക്കുണ്ടാകാറുണ്ടെന്നും സഹോദരൻ പൊലീസിനോട് പറഞ്ഞു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അജയ് സിംഗിനെ വീടിലെ സ്റ്റോർ റൂമിൽ നിന്നും പിടികൂടിയത്. ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം ഇയാൾ വീട് അകത്തു നിന്ന് പൂട്ടി ടെറസിലെ സ്റ്റോർ റൂമിൽ ഒളിച്ചിരിക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ ഭാര്യയെ കൊലപ്പെടുത്തിയതായി ഇയാൾ സമ്മതിച്ചു. ഇരുവരും താമസിക്കുന്ന ബംഗ്ലാവ് 4 കോടി രൂപയ്ക്ക് വിൽക്കാൻ അജയ് സിംഗ് തീരുമാനിച്ചിരുന്നു. ഇതിനായി അഡ്വാൻസും വാങ്ങിയിരുന്നു. എന്നാൽ, വീട് വിൽക്കുന്നതിനെ രേണു സിൻഹ എതിർത്തിരുന്നു. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്ന രേണു സിംഗ് കഴിഞ്ഞ മാസമാണ് രോഗമുക്തയായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K