09 September, 2023 04:35:27 PM
ഗാസിയാബാദിൽ മോഷ്ടാവെന്ന് കരുതി 24കാരനെ മർദിച്ചുകൊന്നു; മൂന്നുപേർ കസ്റ്റഡിയിൽ
ഗാസിയാബാദ്: മോഷ്ടാവെന്ന് കരുതി 24കാരനെ മർദിച്ചുകൊന്ന സംഭവത്തിൽ കടയുടമകളായ മൂന്നുപേർ അറസ്റ്റിൽ. സ്ഥിരമായി മോഷണം നടന്ന ഫർണീച്ചർ കടയ്ക്ക് സമീപം അലഞ്ഞുതിരിഞ്ഞ അനിൽകുമാർ എന്നയാളെയാണ് മൂന്നുപേർ ചേർന്ന് മർദിച്ചുകൊന്നത്. ഈ കടയിൽ മോഷണം നടത്തിയത് അനിൽകുമാറാണെന്ന് സംശയിച്ചായിരുന്നു അക്രമം.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെ അക്രമത്തിനിരയായ അനിലിനെ പിന്നീട് ആറ് മണിക്കൂറിന് ശേഷം തിലമോറിന് സമീപത്തായി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അനിലിന്റെ കുടുംബം നൽകിയ പരാതിയെ തുടർന്ന് ഫർണിച്ചർ കടയുടമകളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബദൗനിൽ നിന്നുള്ള അഖ്‌ലാഖ് ഖാൻ (26), തില മോറിൽ നിന്നുള്ള ശുഭൻ ഖാൻ (24), ഗാസിയാബാദിലെ ഡിഎൽഎഫ് കോളനിയിലെ നൗഷാദ് (20) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സെക്കൻഡ് ഹാൻഡ് ഫർണിച്ചറുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇവർ.
രാവിലെ എട്ട് മണിയോടെ വഴിയാത്രക്കാരിൽ നിന്നാണ് അനിലിന്റെ മൃതദേഹത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് ട്രാൻസ്-ഹിൻഡൺ ഏരിയയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ശുഭം പട്ടേൽ പറഞ്ഞു. "അദ്ദേഹത്തിന് ക്രൂര മർദനമേറ്റു. ബാഹ്യ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായാണ് സംശയം. സംഭവം നടന്ന സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.