01 September, 2023 03:30:23 PM
തിരുവനന്തപുരത്ത് ഗുണ്ടാസംഘത്തിന്‍റെ ആക്രമണം; വീട്ടുടമയുടെ കൈ അടിച്ചൊടിച്ചു
തിരുവനന്തപുരം: പോത്തന്‍കോടിന് സമീപം നേതാജിപുരത്ത് ഗുണ്ടാസംഘത്തിന്‍റെ ആക്രമണം. വീട്ടുടമയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും വീടിനു മുന്നില്‍ നിർത്തിയിട്ടിരുന്ന രണ്ടു സ്‌കൂട്ടറുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. നേതാജിപുരം നഹാസ് മന്‍സിലില്‍ നഹാസിന്‍റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്.
കൊലക്കേസ് പ്രതി ഉള്‍പ്പെടെ 30 പേരോളം വരുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു. അക്രമം തടയാനെത്തിയ നാട്ടുകാരെയും ഇവര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. തൊട്ടടുത്ത വീടിന്‍റെ ഗേറ്റും അക്രമിസംഘം ചവിട്ടിപ്പൊളിച്ചു.
ഇന്നലെ രാത്രി 8.30 ഓടെ നേതാജിപുരം സൊസൈറ്റി ജംഗ്ഷനില്‍ ആരംഭിച്ച വാക്കേറ്റത്തിനൊടുവില്‍ അക്രമിസംഘം ആദ്യം നഹാസിന്‍റെ കൈ കമ്പി കൊണ്ട് അടിച്ചൊടിച്ചിരുന്നു. പിന്നീട് അക്രമികള്‍ സംഘംചേര്‍ന്ന് നഹാസിന്‍റെ വീടിന് മുന്നില്‍ എത്തി.
തുടര്‍ന്ന് സ്‌കൂട്ടറുകൾ അടിച്ചു തകര്‍ക്കുകയായിരുന്നു. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ നഹാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
വീട്ടിലെത്തിയ അക്രമസംഘം നഹാസിന്‍റെ ഭാര്യ ഷിജി (41), മകള്‍ അസ്‌ന നഹാസ് (21) എന്നിവരെ അസഭ്യം പറഞ്ഞതായും വീടിന്‍റെ വാതില്‍ ചവിട്ടി പൊളിച്ച് അകത്തു കയറാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. വീട്ടുകാര്‍ കതകടച്ചു കുറ്റിയിട്ടാണ് രക്ഷപ്പെട്ടത്.
നഹാസിന്‍റെ സുഹൃത്തും സമീപവാസിയുമായ രാജുവിന്‍റെ കൈ അടിച്ചൊടിച്ചത് ചോദ്യംചെയ്തതിനാണ് നഹാസിനെയും ഇവര്‍ ആക്രമിച്ചതെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഓഗസ്റ്റ് 7നായിരുന്നു രാജുവിനു നേരെ ആക്രമണം ഉണ്ടായത്. നേരത്തെ യുവതിയെ വീടിനുള്ളില്‍വച്ച് കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയായ ബിനീഷ്, പപ്പടം കുട്ടന്‍ എന്ന ശ്യാം എന്നിവര്‍ ചേര്‍ന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്ന് വീട്ടുകാര്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.