26 August, 2023 11:02:50 AM


ഹിന്ദു വിദ്യാർത്ഥികളെ കൊണ്ട് മുസ്ലിം വിദ്യാർത്ഥിയെ തല്ലിച്ചു; അധ്യാപികയ്‌ക്കെതിരെ പ്രതിഷേധം



ക്ലാസ് മുറിയില്‍ ഹിന്ദു വിദ്യാര്‍ത്ഥികളെകൊണ്ട് മുസ്ലീം വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ച് അധ്യാപിക. യുപിയിലെ മുസാഫര്‍നഗറിൽ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം. ക്ലാസിന് മുന്നില്‍ നിര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥിയെ തല്ലാന്‍ അധ്യാപിക തൃപ്ത ത്യാഗി നിര്‍ദേശിക്കുന്നത് അനുസരിച്ച് ഓരോ ഓരോ വിദ്യാര്‍ഥികളായി വന്ന് കുട്ടിയെ തല്ലുന്നത് വിഡിയോയില്‍ കാണാം.

'കൂടുതൽ ശക്തിയായി അടിക്കൂ'- എന്ന് അധ്യാപിക വിദ്യാർത്ഥികളോട് പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. വിഡിയോ പകര്‍ത്തുന്ന ആള്‍ ഉച്ചത്തില്‍ ചിരിക്കുകയും അധ്യാപികയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് അധ്യാപികയ്‌ക്കെതിരെ ഉയരുന്നത്.

എന്നാൽ അധ്യാപിക പൊലീസ് മുന്നില്‍ മാപ്പ് പറഞ്ഞതായും പരാതിയില്ലെന്ന് എഴുതി നല്‍കിയതായും വിദ്യാര്‍ഥിയുടെ പിതാവ് ഇര്‍ഷദ് പറഞ്ഞു. മകനെ സ്‌കൂളിലേക്ക് ഇനി അയക്കില്ലെന്നാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മര്‍ദനത്തിനിരയായ വിദ്യാര്‍ഥിയെ തിരിച്ചറിയാതിരിക്കാന്‍ വിഡിയോ പങ്കുവെക്കരുതെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ മേധാവി പ്രിയങ്ക് കനൂംഗോ അഭ്യര്‍ഥിച്ചു.

അതേസമയം, തന്റെ മകന്‍ കരഞ്ഞുകൊണ്ടാണ് സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വന്നതെന്ന് മര്‍ദനത്തിനിരയായ മുസ്‌ലിം വിദ്യാര്‍ത്ഥിയുടെ മാതാവ്. അവന്‍ മാനസികമായി തകര്‍ന്നുവെന്നും കുട്ടികളോട് ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്നും മാതാവായ റുബീന അല്‍ ജസീറയോട് പറഞ്ഞു.

വിദ്യാര്‍ത്ഥികളെ സഹപാഠികളെ വെച്ച് മര്‍ദിക്കുന്ന ശീലം അധ്യാപികയ്ക്കുണ്ടെന്ന് റുബീന കൂട്ടിച്ചേര്‍ത്തു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പാഠഭാഗങ്ങള്‍ മറന്നു പോയതിന്റെ ഭാഗമായി തന്റെ കുടുംബത്തിലെ മറ്റൊരു കുട്ടിക്കും സമാന അവസ്ഥയുണ്ടായിട്ടുണ്ടെന്നും അവര്‍ പറയുന്നു.

സംഭവത്തിന്‍റെ വീഡിയോ ശശി തരൂർ അടക്കമുള്ള പ്രമുഖർ പങ്കുവെച്ചിട്ടുണ്ട്. ഇത് നമ്മുടെ രാജ്യത്ത് നടക്കുന്നുണ്ടെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, ബന്ധപ്പെട്ടവർ ജയിലിലല്ല. നമ്മുടെ ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ചുരുക്കാൻ കഴിയുന്നത് ഇതിലേക്കാണ് എന്നതിൽ എല്ലാ ഇന്ത്യക്കാരും ലജ്ജയോടെ തല താഴ്ത്തണം. ഇത് അവിശ്വസനീയമാണ് എന്നാണ് തരൂർ വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K