15 August, 2023 04:06:18 PM
തൃശ്ശൂരിലെ യുവാവിന്‍റെ മരണം: കൊലപാതകം; സഹോദരനും സുഹൃത്തും കസ്റ്റഡിയിൽ
തൃശ്ശൂർ: ചേറ്റുപുഴയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കാഞ്ഞാണി നാലാംകല്ല് സ്വദേശി കുന്നത്തുംകര ഷൈൻ (29) മരിച്ച സംഭവമാണ് കൊലപാതകം എന്ന് തെളിഞ്ഞത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നാണ് വാഹനാപകടം അല്ലെന്ന് പോലിസ് സ്ഥിരീകരിച്ചത്.
പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മരിച്ച ഷൈനിന്‍റെ സഹോദരൻ ഷെറിൻ, സുഹൃത്ത് അരുൺ എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. മദ്യപിച്ചുണ്ടായ തർക്കത്തെ തുടർന്ന് സഹോദരനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. ഹെൽമറ്റിന് തലക്കടിച്ചാണ് കൊലപ്പെടുത്തിയത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
റോഡിലെ കയറ്റത്തില്‍ ബൈക്കിൽ നിന്നും വീണ് ഷൈൻ മരിച്ചെന്നായിരുന്നു ഇന്നലെ വന്ന വാർത്തകൾ. അരിമ്പൂര്‍ കായല്‍റോഡ് കുന്നത്തുംകര ഷാജിയുടെ മകനാണ് ഷൈൻ. ഞായറാഴ്ച രാത്രി 11 മണിയോടെ അരണാട്ടുകര റോഡില്‍ ചേറ്റുപുഴ കയറ്റത്തായിരുന്നു സംഭവം.
ഡി.വൈ.എഫ്.ഐ കായല്‍ റോഡ് യൂണിറ്റ് മുന്‍ സെക്രട്ടറിയായ ഷൈന്‍ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ പെയിന്റിങ് തൊഴിലാളിയാണ്. ജോലിസ്ഥലത്തുനിന്ന് ഒരു മാസത്തിനു ശേഷം ഞായറാഴ്ച രാത്രിയാണ് യുവാവ് നാട്ടിലെത്തിയത്. തൃശൂര്‍-കാഞ്ഞാണി റൂട്ടില്‍ ബസ് സമരമായതിനാല്‍ സഹോദരനും സുഹൃത്തും ചേര്‍ന്ന് ഷൈനിനെ ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്നും ബൈക്കില്‍ കൂട്ടിക്കൊണ്ടുവരികയായിരുന്നു.
ഭാരമേറിയ ബാഗുമായി പിറകിലിരുന്ന യുവാവ് ബൈക്ക് കയറ്റം കയറുന്നതിനിടെ റോഡിലേക്ക് വീഴുകയും പരിക്കേല്‍ക്കുകയുമായിരുന്നുവെന്നും ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നുമായിരുന്നു വിശദീകരണം. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ ബൈക്കിൽ നിന്നും വീണുണ്ടായ പരിക്കല്ലെന്നും ഹെൽമെറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്നും കണ്ടെത്തി.