12 August, 2023 11:11:35 AM


കോട്ടയം നഗരത്തിൽ സ്ത്രീയെ വെട്ടിക്കൊല്ലാൻ ശ്രമം; രണ്ടുപേർ കസ്റ്റഡിയിൽ



കോട്ടയം: കോട്ടയം നഗരത്തിൽ അർധരാത്രിയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കഴുത്തിന് വെട്ടേറ്റ സ്ത്രീയെ വെസ്റ്റ് പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. ബസേലിയോസ് കോളേജ് ജംഗ്ഷനിലാണ് സംഭവം. 

കട്ടപ്പന സ്വദേശി ബാബു (ചുണ്ടെലി ബാബു) പൊലീസിന്‍റെ പിടിയിലായി. ഇന്നലെ രാത്രി 12.30ന് ആണു സംഭവം. മദ്യലഹരിയിലാണ് പ്രതി ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു. കടത്തിണ്ണകളിൽ അന്തിയുറങ്ങാറുള്ള ബിന്ദു (40) എന്ന സ്ത്രീക്കാണ് വെട്ടേറ്റതെന്നും കൂടെ താമസിച്ചിരുന്ന ആളാണ് ബാബുവെന്നും പൊലീസ് പറഞ്ഞു. 

ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ബാബു കാപ്പ നിയമപ്രകാരം ജയിലിലായിരുന്നു. കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റിയ ബിന്ദുവിന്‍റെ നില ഗുരുതരമാണ്.

സംഭവം ഇങ്ങനെ. ജംഗ്ഷന് സമീപം കടത്തിണ്ണയിൽ കിടക്കുകയായിരുന്നു ബിന്ദു. അംഗപരിമിതനായ എരുമേലി സ്വദേശി രാജു ഇവർക്ക് സമീപമിരുന്ന് ആഹാരം കഴിക്കാൻ ഒരുങ്ങുമ്പോൾ അവിടേക്ക് കത്തിയുമായി എത്തിയ ബാബു ആദ്യം ഇയാളെ ആക്രമിക്കുകയായിരുന്നു. ലോഹ ഊന്നുവടി ഉപയോഗിച്ച് രാജു വെട്ടു തടഞ്ഞു. രക്ഷപ്പെടാനായി രാജു ഓടി. ഈ സമയം ബിന്ദുവിനെ ആക്രമിക്കുകയായിരുന്നു. കത്തി ഉപയോഗിച്ച് ബാബു കഴുത്തിന് വെട്ടുകയായിരുന്നെന്ന് ദൃക്സാക്ഷി പൊലീസിനോട് പറഞ്ഞു.

രക്തം വാർന്നൊഴുകി റോഡിൽ 15 മിനിറ്റോളം കിടന്ന ബിന്ദുവിനെ പൊലീസ് ആംബുലൻസ് വിളിച്ചുവരുത്തി ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ സമയം ബിന്ദുവിന്റെ തല താങ്ങി ഉയർത്താൻ ബാബു ശ്രമിക്കുന്നുണ്ടായിരുന്നു. പൊലീസിനെ അസഭ്യം പറയാനും ആക്രമിക്കാനും ശ്രമിച്ചു. ജനറൽ ആശുപത്രിയിലും ഇയാൾ എത്തി. ബാബുവാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷി പറഞ്ഞതോടെ ആശുപത്രിയിൽ നിന്നു പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

വലിച്ചെറിഞ്ഞ വെട്ടുകത്തി പൊലീസ് കണ്ടെടുത്തു. രാജുവിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാജു വെട്ടിയെന്നാണ് പൊലീസിനോടു ബാബുവിന്റെ മൊഴി. സിസിടിവി ദൃശ്യം പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K