31 July, 2023 12:18:41 PM


അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം: കാർ അടിച്ചുതക‍ർത്തു; പെട്രോൾ ഒഴിച്ച് കത്തിക്കാനും ശ്രമം



തിരുവനന്തപുരം: വീടിന് മുന്നില്‍ കാർ പാർക്ക് ചെയ്തത് ചോദ്യം ചെയ്ത ഗൃഹനാഥനെ മര്‍ദിക്കുകയും തൊട്ടുപിന്നാലെ ആളുകളെ കൂട്ടിയെത്തി കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തതായി പരാതി. കാറില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും സംഭവത്തിന്‍റെ വീഡിയോ ചിത്രീകരിച്ച പെൺകുട്ടിക്ക് നേരെ പെട്രോൾ വീശി എറിയുകയും ചെയ്തു. 

മലയിൻകീഴ് പൊറ്റകാവിൻപുറത്ത് വിളവൂർക്കൽ പഞ്ചായത്ത് ഓഫീസിനു സമീപം ലേഖ നിവാസിൽ വാടകക്ക് താമസിക്കുന്ന റീനയുടെ കാറാണ് തകര്‍ത്തത്. ഇവരുടെ വീടിന്‍റെ രണ്ടാമത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുന്ന അരവിന്ദ്, ഇയാളുടെ അമ്മാവൻ മണികണ്ഠൻ, അരവിന്ദിന്‍റെ സുഹൃത്ത് എന്നിവർ ചേർന്നാണ് കാറിന്‍റെ ചില്ല് അടിച്ചു തകർത്ത ശേഷം തീയിട്ടതെന്ന് മലയിൻകീഴ് പോലീസിൽ ലഭിച്ച പരാതിയിൽ പറയുന്നു.

ഇന്നലെ ഉച്ചയോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ഞായറാഴ്ച്ച റീനയുടെ വീട്ടിൽ വന്ന ബന്ധുക്കളുടെ കാർ ഇവർ താമസിക്കുന്ന വീടിന് സമീപം പാർക്ക് ചെയ്തിരുന്നു. ഈ സമയം ഗുഡ്സ് ഓട്ടോയിൽ അവിടെയെത്തിയ അരവിന്ദ് നിറുത്താതെ ഹോൺ മുഴക്കുകയും ഇത് നോക്കാൻ പുറത്ത് ഇറങ്ങിയ റീനയെ അസഭ്യം പറഞ്ഞുകൊണ്ട് കാർ മാറ്റിയിടാൻ ആവശ്യപ്പെടുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

തുടർന്ന് വീടിനുള്ളില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന റീനയുടെ ഭർത്താവ് മഹേഷ് ഇറങ്ങി വന്നപ്പോൾ ഇയാളെയും അരവിന്ദ് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ ആരോപിക്കുന്നു. ഇരുവർക്കുമിടയിൽ വാക്ക് തർക്കം ഉണ്ടാകുകയും മഹേഷിനെ അരവിന്ദ് മർദിച്ചതായും പറയുന്നു. ഇതിന് പിന്നാലെ തുടർന്ന് റീന മലയിൻകീഴ് പൊലീസിൽ പരാതി നൽകി.  വീട്ടിൽ തിരികെ എത്തിയപ്പോഴാണ് അരവിന്ദും കൂട്ടരും എത്തി കാർ അടിച്ചു തകർക്കുകയും പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തത്.
 
സംഘം വാഹനം അടിച്ച് തകർക്കുമ്പോൾ അതിന്‍റെ ദൃശ്യങ്ങൾ മൊബൈല്‍ ഫോണില്‍ പകർത്തുകയായിരുന്ന റീനയുടെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ മകളുടെ ശരീരത്തിലേക്കും പെട്രോള്‍ ഒഴിച്ചുവെന്നും രണ്ട് തവണ തീപ്പെട്ടി കത്തിച്ച് എറിഞ്ഞതായും പരാതിയില്‍ ആരോപിക്കുന്നു. സംഘം സ്ഥലത്തു നിന്ന് പോയതിന് ശേഷമാണ് കാറിലെ തീകെടുത്തിയത്. ഇതിന് ശേഷം മഹേഷ് മലയിന്‍കീഴ് പൊലീസ് സ്റ്റേഷനിലെത്തി വീണ്ടും പരാതി നല്‍കി. മെഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K