21 July, 2023 04:05:55 PM


കഠിനംകുളം സ്റ്റേഷനിൽ കാപ്പ കേസ് പ്രതി പൊലീസിനെ ആക്രമിച്ചശേഷം ജീവനൊടുക്കാൻ ശ്രമിച്ചു



തിരുവനന്തപുരം: കഠിനംകുളം സ്റ്റേഷനിൽ കാപ്പ കേസിൽ അറസ്റ്റിലായിരുന്ന പ്രതി പോലീസിനെ ആക്രമിച്ച ശേഷം ജീവനൊടുക്കാൻ ശ്രമിച്ചു. കത്തികൊണ്ടുള്ള ആക്രമണത്തിൽ പോലീസുകാരന് പരിക്കേറ്റു. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഠിനംകുളം പോലീസ് സ്റ്റേഷനിൽ ഇന്ന് രാവിലെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. ഏഴുമണിയോടെ ശുചിമുറിയിലേക്ക് കൊണ്ടുപോയ കാപ്പാ കേസ് പ്രതി കഠിനംകുളം ചിറയ്ക്കൽ സ്വദേശി സജീർ (25) ആണ് രക്ഷപ്പെടാൻ ശ്രമിച്ചത്. ശുചിമുറിക്ക് സമീപത്ത് ഇരുന്ന കത്തിയെടുത്ത് സിപിഒ അനന്തകൃഷ്ണനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

തുടർന്ന് പ്രതിയായ സജീർ കത്തികൊണ്ട് കൈയിലും മറ്റും മുറിവേൽപ്പിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. സ്റ്റേഷനിൽ ഉണ്ടായിരുന്ന മറ്റു പോലീസുകാരെത്തിയാണ് സജീറിനെ കീഴ്പ്പെടുത്തിയത്. ഇയാളെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സജീറിനെ കാപ്പ കേസിൽ കരുതൽ തടങ്കലിൽ മാറ്റാനാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

സജീറിന്‍റെ ആക്രമണത്തിൽ പരിക്കേറ്റ സിപിഒ അനന്തകൃഷ്ണനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇരുവരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K