20 July, 2023 04:53:45 PM


നാട്ടിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശി സൗദിയിൽ മരിച്ചു



റിയാദ്: അവധിക്ക് നാട്ടിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശിയായ പ്രവാസി സൗദി അറേബ്യയിൽ മരിച്ചു. തിരുവനന്തപുരം പൊട്ടക്കുളം ആനന്ദ് ഭവനിൽ ആനന്ദൻ നാടാർ(60) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 

ചെല്ലൻ നാടാർ ഭാസ്ക്കരൻ-ശാരദ ദമ്പതികളുടെ മകനാണ് ആനന്ദ് എന്നറിയപ്പെടുന്ന ആനന്ദൻ നാടാർ. കഴിഞ്ഞ 20 വർഷമായി ഇദ്ദേഹം റിയാദിൽ ജോലിചെയ്തുവരികയായിരുന്നു. റിയാദിലെ നിർമാണ മേഖലകളിൽ ടൈൽ ഫിക്സറായാണ് ജോലി ചെയ്തിരുന്നത്.

ഒരാഴ്ചയായി വിട്ടുമാറാത്ത പനിയും ചുമയും ഉണ്ടായിരുന്നു. ഇതേത്തുടർന്ന് സ്വകാര്യ ക്ലിനിക്കുകളിലും റിയാദിലെ ആശുപത്രിയിലും കാണിച്ചു. എന്നാൽ രോഗം ഭേദമായിരുന്നില്ല. പനി വിട്ടുമാറാത്തതിനാൽ നാട്ടിലെത്തി ചികിത്സ തേടാനുള്ള ഒരുക്കത്തിലായിരുന്നു ആനന്ദൻ നാടാർ.

റിയാദിലെ മലസിലുള്ള താമസസ്ഥലത്തുനിന്ന് വിമാനത്താവളത്തിലേക്ക് പോകാനായി കുളിക്കാൻ കയറുമ്പോൾ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാനായി സുഹൃത്തുക്കൾ ആംബുലൻസ് വിളിച്ചുവരുത്തിയെങ്കിലും ആംബുലൻസ് ജീവനക്കാരുടെ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർ നടപടികൾക്കായി മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശോഭയാണ് ഭാര്യ, ഹേമന്ത്, നിഷാന്ത് എന്നിവർ മക്കളാണ്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. പ്രവാസി സംഘടനയായ കേളിയുടെ നേതൃത്വത്തിലാണ് ഇതിനുള്ള ഇടപെടൽ നടത്തുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K