15 June, 2023 03:23:59 PM
ബിജെപി വനിതാ നേതാവിനെ കാമുകനായ കോണ്‍ഗ്രസ് പ്രവർത്തകൻ കൊന്ന് റോഡരികിൽ തള്ളി
ന്യൂഡല്‍ഹി: ആസാമിലെ ബിജെപി വനിതാ നേതാവ് ജോനാലി നാഥിന്‍റെ കൊലപാതകത്തിൽ കാമുകനും കോണ്‍ഗ്രസ് പ്രവർത്തകനുമായ ഹസനൂർ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓടിക്കൊണ്ടിരുന്ന കാറില്‍വെച്ചാണ് ഹസനൂർ ജോനാലിയെ കൊലപ്പെടുത്തിയതെന്നും ശേഷം മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഹസ്നൂറിന്‍റെ മറ്റൊരു ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജോനാലി നാഥും ഹസനൂറും തമ്മിലുള്ള ഫോണ്‍ കോളുകളും പോലീസ് പരിശോധിച്ചിരുന്നു. ഇവര്‍ തമ്മിലുള്ള 600ഓളം ഫോണ്‍ കോളുകളാണ് പോലീസ് പരിശോധിച്ചത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ജൊനാലിയും ഹസനൂറും തമ്മിൽ അടുപ്പത്തിലായിരുന്നു. വിവാഹിതയായ ജൊനാലിയ്ക്ക് രണ്ട് കുട്ടികളുമുണ്ട്. ഹസനൂർ ഈയടുത്താണ് വിവാഹം കഴിച്ചത്.
ഹസനൂര്‍ മറ്റൊരാളെ വിവാഹം കഴിച്ചതില്‍ ജൊനാലിയ്ക്ക് ദേഷ്യമുണ്ടായിരുന്നു. ഇക്കാര്യത്തെച്ചൊല്ലി ഇരുവരും കലഹിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം കാറില്‍ സഞ്ചരിക്കവെ ഇതേ വിഷയത്തെച്ചൊല്ലി ഇരുവരും തമ്മില്‍ വീണ്ടും വഴക്കിട്ടു. തുടര്‍ന്ന് ഹസനൂര്‍ ജൊനാലിയെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിനിടെയാണ് ജൊനാലി കൊല്ലപ്പെട്ടത്. ഉടന്‍ തന്നെ ഇയാള്‍ മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. അറസ്റ്റിലായ ഉടൻ ഹസനൂര്‍ ഇക്കാര്യം പോലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
എന്നാല്‍ ഹസനൂറിന്‍റെ കുറ്റസമ്മത മൊഴിയ്‌ക്കെതിരെ ജൊനാലിയുടെ ഭര്‍ത്താവ് രംഗത്തെത്തി. തന്‍റെ ഭാര്യയെ വ്യക്തിഹത്യ ചെയ്യുന്നതിന് തുല്യമാണിതെന്നും അവര്‍ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാൻ പോലീസ് ശ്രമിക്കുകയാണെന്നും ജൊനാലിയുടെ ഭര്‍ത്താവ് ആരോപിച്ചു.
ഞായറാഴ്ച രാത്രിയോടെയാണ് ജൊനാലിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്. ആസാമിലെ സാല്‍പുരയ്ക്കടുത്തുള്ള റോഡരികില്‍ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ജൊനാലിയുടെ മുഖം വികൃതമായ നിലയിലായിരുന്നു. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ജൊനാലി വീട്ടില്‍ നിന്നും ഇറങ്ങിയത്. 7 മണിയായിട്ടും ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് ഭര്‍ത്താവ് ഇവരെ ഫോണില്‍ വിളിച്ചു. എന്നാല്‍ ജൊനാലി ഫോണ്‍ എടുത്തില്ല. ജൊനാലിയുടെ മൂത്തമകള്‍ ഫോണിലേക്ക് മെസേജും അയച്ചിരുന്നു. ഇതിനും മറുപടി കിട്ടിയില്ല.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജൊനാലി ഹസനൂറുമായി കൂടിക്കാഴ്ച നടത്തിയെന്ന കാര്യം മനസിലായത്.പിന്നീട് ഹസനൂറിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അപ്പോഴാണ് തര്‍ക്കത്തിനൊടുവില്‍ ജൊനാലിയെ കൊലപ്പെടുത്തിയെന്ന കാര്യം ഹസനൂര്‍ സമ്മതിച്ചത്.
ജൊനാലിയെ സമാധാനിപ്പിക്കാന്‍ ഹസനൂര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള തര്‍ക്കം മുറുകിയതോടെ ഹസനൂര്‍ ജൊനാലിയെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം ജൊനാലിയുടെ മൃതദേഹം റോഡിലുപേക്ഷിക്കുകയും ചെയ്തുവെന്ന് ഹസനൂർ പറഞ്ഞതായി ആസാമിലെ സിഐഡി വിഭാഗം ഇന്‍സ്‌പെക്ടര്‍ ദേബ്രാജ് ഉപാധ്യായ വ്യക്തമാക്കി.
മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പ്രതി ജൊനാലിയുടെ മുഖത്ത് ആഞ്ഞടിച്ചുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ജൊനാലി ബോധരഹിതയാകുന്നത് വരെ ഹസനൂര്‍ മര്‍ദ്ദിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൊനാലിയെ കൊന്നതിന് ശേഷം പ്രതി ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വലിച്ചെറിഞ്ഞു. പിന്നീട് പോലീസ് നടത്തിയ തെരച്ചിലില്‍ ജൊനാലിയുടെ ഫോണ്‍ കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനായി പോലീസ് തെരച്ചില്‍ തുടരുകയാണ്.
അതേസമയം ഹസനൂറിന്‍റെ കാറില്‍ നിന്നും ചോരക്കറ കണ്ടെത്തിയിരുന്നു. ഈ രക്തസാമ്പിളുകള്‍ പോലീസ് പരിശോധിക്കുകയും ചെയ്തു. പരിശോധനയില്‍ ജൊനാലിയുടെ രക്തം തന്നെയാണ് കാറില്‍ പുരണ്ടിരിക്കുന്നതെന്നും പോലീസ് കണ്ടെത്തി.
ഗോല്‍പാറയിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഹസനൂര്‍ ഇസ്ലാം. ഇയാളെ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അതേസമയം കൊലപാതകത്തില്‍ വ്യത്യസ്തമായ അഭിപ്രായമാണ് ജൊനാലിയുടെ ഭര്‍ത്താവ് ചന്ദ്ര കുമാര്‍ നാഥിനുള്ളത്.
" അവര്‍ രണ്ടുപേരും തമ്മില്‍ യാതൊരു ബന്ധവുമില്ല. ജൊനാലിയെ വ്യക്തിഹത്യ ചെയ്യാനാണ് പോലീസ് ശ്രമിക്കുന്നത്. ഒരു സാമൂഹിക പ്രവര്‍ത്തകയാണ് ജൊനാലി. ഹസനൂര്‍ അവള്‍ക്ക് കുറച്ച് പണം കൊടുക്കാനുണ്ടായിരുന്നു. അതാകാം കൊലപാതകത്തിലേക്ക് നയിച്ചത്,' എന്ന് ചന്ദ്രകുമാര്‍ നാഥ് പറഞ്ഞു.