06 June, 2023 07:30:42 PM


മാമ്പഴം ചോദിച്ചെത്തി വൃദ്ധയുടെ സ്വർണം കവർന്ന സംഭവം: മൂന്ന് പേർ കൂടി അറസ്റ്റിൽ



പാലാ: ഉഴവൂരിൽ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ വീട്ടിൽ മാമ്പഴം ചോദിച്ചെത്തി  ഇവരുടെ സ്വർണ്ണം കവർന്ന കേസിൽ മൂന്നു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ വെള്ളിയാമറ്റം  കൊള്ളിയിൽ വീട്ടിൽ അജേഷ്  (39), പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ചൂരന്നൂർ ഭാഗത്ത് നരിയിടകുണ്ടിൽ വീട്ടിൽ രാമചന്ദ്രൻ(57), തൊടുപുഴ കാഞ്ഞാര്‍ ഞൊടിയപള്ളില്‍  ജോമേഷ് ജോസഫ് (38) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.


അജേഷും സുഹൃത്തായ അഷ്റഫും കഴിഞ്ഞമാസം 25 ആം തീയതി ഉച്ചയോടു കൂടി സ്കൂട്ടറിൽ ഉഴവൂർ പെരുന്താനം ഭാഗത്തുള്ള വൃദ്ധയുടെ വീട്ടിൽ എത്തുകയും വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന വൃദ്ധയോട് മാമ്പഴം ഇരിപ്പുണ്ടോ എന്ന് ചോദിക്കുകയും  ഇത് എടുക്കാൻ ഇവർ അകത്ത് പോയ സമയം അജേഷ് വൃദ്ധയുടെ പിന്നാലെ അകത്ത് കിടന്ന് ഇവരെ ബലംപ്രയോഗിച്ച് കട്ടിലിലേക്ക് തള്ളിയിട്ട് ഇവരുടെ കൈയിൽ കിടന്നിരുന്ന ആറു വളകളും രണ്ടു മോതിരവും ബലമായി ഊരിയെടുത്തതിനു ശേഷം പുറത്ത് സ്കൂട്ടർ സ്റ്റാർട്ട് ആക്കി പരിസരം നിരീക്ഷിച്ച്   നിന്നിരുന്ന അഷ്റഫിനോടൊപ്പം കയറി കടന്നു കളയുകയായിരുന്നു.


പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും  അഷ്റഫിനെയും സ്വർണ്ണം വിൽക്കാൻ സഹായിച്ച ലിബിൻ ബെന്നിയെയും പിടി കൂടുകയും ചെയ്തിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ അജേഷിനെയും മോഷണ മുതൽ വിൽക്കാൻ സഹായിച്ച മറ്റൊരു പ്രതിയായ രാമചന്ദ്രനെയും തിരുപ്പതിയില്‍ നിന്നും പിടികൂടുകയായിരുന്നു. ഇവർ മോഷണത്തിനായി ഉപയോഗിച്ച സ്കൂട്ടർ  അജേഷും, ജോമേഷ് ജോസഫും ചേർന്നാണ് പാലായിൽ നിന്നും മോഷ്ടിച്ചതായിരുന്നു.


ഇവർ കവർച്ചയ്ക്ക് കുറച്ചുനാൾ മുമ്പ് ഉഴവൂർ  പ്രദേശങ്ങളിൽ ക്യാൻസർ ചികിത്സാ ചാരിറ്റിയുടെ പേരിൽ പിരിവിന് ചെന്നിരുന്നു. ഇത്തരത്തിലാണ് കവർച്ചയ്ക്കായി  വീടുകൾ കണ്ടെത്തുന്നതെന്നും    ഇവർ പോലീസിനോട് പറഞ്ഞു. അജേഷിന് പാലക്കാട്, മീനാക്ഷിപുരം, ഒറ്റപ്പാലം, പള്ളിക്കത്തോട്, നടക്കാവ്, കാഞ്ഞാർ, കോയമ്പത്തൂർ തുടങ്ങിയ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഓ മാരായ രഞ്ജിത്ത്.സി, അരുൺകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K