06 June, 2023 10:42:30 AM


അരിക്കൊമ്പനെ അപ്പർ കോതയാർ മുത്തുക്കുളി വനത്തിനുള്ളിൽ തുറന്നു വിട്ടു



കമ്പം: ജനവാസ മേഖലയിലിറങ്ങി ഭീതിപരത്തിയതിനു തുടർന്ന് മയക്കുവെടിവച്ച കാട്ടാന അരിക്കൊമ്പനെ മുത്തുക്കുളി വനത്തിൽ തുറന്നു വിട്ടതായി തമിഴ്നാട് വനപാലകർ സ്ഥിരീകരിച്ചു.

ആരോഗ്യ സ്ഥിതി മോശമായതിനാൽ അരിക്കൊമ്പനെ തുറന്നു വിടുന്നതിൽ അനിശ്ചിതത്വമുണ്ടായിരുന്നു. മതിയായ ചികിത്സ നൽകിയ ശേഷമാണ് തുറന്നു വിട്ടതെന്നും ഇപ്പോൾ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും വനം വകുപ്പ് അറിയിച്ചു.

തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ആനയെ മയക്കുവെടിവച്ച് പിടികൂടിയത്, തുടർന്ന് ഒരു ദിവസം ആനിമൽ ആംബുലൻസിലായിരുന്നു. അപ്പർ കോതയാർ മേഖലയിലാണ് ആനയെ തുറന്നു വിട്ടത്. ദൗത്യ സംഘത്തിലെ ആളുകൾ ഇപ്പോഴും കാട്ടിൽ തന്നെ തുടരുകയാണ്.

അതേസമയം, അരിക്കൊമ്പനെ കേരളത്തിനു കൈമാറണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി റബേക്ക ജോസഫ് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ അരിക്കൊമ്പനെ വനത്തിൽ തുറന്നു വിടുന്നത് കോടതി തടഞ്ഞിരുന്നു. എന്നാൽ ആനയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വനം വകുപ്പ് കോടതിയെ ബോധ്യപ്പെടുത്തിയതിനെത്തുടർന്ന് വനത്തിൽ തുറന്നു വിടാൻ അനുമതി നൽകുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K