05 June, 2023 03:51:15 PM
അരിക്കൊമ്പനെ ഇന്ന് തുറന്നു വിടരുതെന്ന് മദ്രാസ് ഹൈക്കോടതി
മദ്രാസ്: അരിക്കൊമ്പനെ തിങ്കളാഴ്ച വനത്തിൽ തുറന്നു വിടരുതെന്ന് മദ്രാസ് ഹൈക്കോടതി. ഈ ആവശ്യം ഉന്നയിച്ച് എറണാകുളം സ്വദേശി റബേക്ക ജോസഫ് നൽകിയ ഹർജിയിലാണ് ഉത്തരവ്.
അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഈ ഹർജി പരിഗണിക്കുന്നത്. ഹർജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. പരിഗണിക്കും വരെ ആനയെ തുറന്നു വിടരുതെന്നാണ് ഉത്തരവ്. അരിക്കൊമ്പനെ പിടികൂടി പുനരധിവസിപ്പിക്കാനുള്ള ദൗത്യം മരവിപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
ഹർജിയിൽ വിശദമായ വാദം കേട്ട ശേഷം വനത്തിൽ തുറന്നു വിടുന്ന കാര്യം തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. രാവിലെ 10.30 ന് മധുര ബെഞ്ചാവും ഹർജി പരിഗണിക്കുക. അതുവരെ അരിക്കൊമ്പനെ വനം വകുപ്പ് സംരക്ഷിക്കണമെന്നും കോടതി.
നിലവിൽ അരിക്കൊമ്പനെ തിരുനൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറ കടുവ സങ്കേതത്തിൽ തുറന്നുവിടാനായിരുന്നു തീരുമാനിച്ചിരുന്നത്. മണിമുത്തരു വനം ചെക്പോസ്റ്റുകളുടെ നിയന്ത്രണം തമിഴ്നാട് പൊലീസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവ്. ഇതോടെ തുറന്നുവിടാനുള്ള നടപടിക്രമങ്ങൾ മരവിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച്ച രാത്രി 12.30 ഓടെയാണ് ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പ് മയക്കുവെടി വയ്ക്കുന്നത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തു വച്ചാണ് മയക്കുവെടി വച്ചത്. ശേഷം അരിക്കൊമ്പന്‍റെ കാലുകൾ ബന്ധിച്ച് എലിഫന്‍റ് ആബുലൻസിൽ കയറ്റി വന മേഖലയിലേക്ക് കൊണ്ടു പോവുകയായിരുന്നു.