03 June, 2023 07:22:11 PM
അതിരമ്പുഴയിലെ ഷാപ്പില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ
ഏറ്റുമാനൂർ : ഷാപ്പിലെ ബില്ലിംഗ് സെക്ഷനിൽ ജോലി ചെയ്യുന്ന യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ, ഒണംതുരുത്ത് കവല ഭാഗത്ത് മേടയിൽ വീട്ടിൽ അലക്സ് പാസ്കൽ (22) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളും സുഹൃത്തായ അനന്തു സുരേന്ദ്രനും ചേർന്ന് കഴിഞ്ഞദിവസം രാത്രി 8:30 മണിയോടുകൂടി അതിരമ്പുഴയിലുള്ള കള്ള് ഷാപ്പിൽ എത്തുകയും തുടർന്ന് മദ്യപിച്ചതിനുശേഷം പണം ആവശ്യപ്പെട്ട ബില്ലിംഗ് സെഷനിലെ യുവതിയെ ചീത്ത വിളിക്കുകയും ഇതിനു ശേഷം പാഴ്സലായി വാങ്ങിയ കള്ളുമായി ഇവർ കൗണ്ടറിന് സമീപം ഇരുന്ന് മദ്യപിക്കുകയും ചെയ്തു. ഒമ്പതുമണിക്ക് ശേഷം ഷാപ്പ് അടക്കുകയായതിനാൽ ഇറങ്ങണമെന്ന് യുവതി ഇവരോട് ആവശ്യപ്പെട്ടു. ഇതിനുള്ള വിരോധം മൂലം ഇവർ യുവതിയെ വീണ്ടും ചീത്ത വിളിക്കുകയും തള്ളുകയുമായിരുന്നു. തുടർന്ന് ഷാപ്പിലെ ഗ്ലാസുകളും മറ്റും എറിഞ്ഞു പൊട്ടിച്ചതിന് ശേഷം സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു.
യുവതിയുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അനന്തു സുരേന്ദ്രനെ കഴിഞ്ഞ ദിവസം പിടികൂടുകയും ചെയ്തിരുന്നു . തുടർന്ന് ഈ കേസിൽ ഒളിവിൽ പോയ മുഖ്യ പ്രതിയായ അലക്സ് പാസ്കലിനെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്. ഇയാൾക്ക് തൃശ്ശൂർ ചേർപ്പ്, ഏറ്റുമാനൂർ, കുറവിലങ്ങാട്, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽകേസുകൾ നിലവിലുണ്ട്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ പ്രശോഭ് കെ.കെ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.