02 June, 2023 02:11:31 PM
അരിക്കൊമ്പന് അരിയും ശർക്കരയും പഴക്കുലയും എത്തിച്ച് തമിഴ് നാട്
കമ്പം: അരിക്കൊമ്പന് കാട്ടില്‍ അരി എത്തിച്ചു നല്‍കി തമിഴ് നാട് വനംവകുപ്പ്. അരി, ശര്‍ക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ള റിസര്‍വ് ഫോറസ്റ്റില്‍ എത്തിച്ചത്. ഷണ്‍മുഖ നദി ഡാമിനോടു ചേര്‍ന്നുള്ള റിസര്‍വ് വനത്തിലാണ് അരിക്കൊമ്പന്‍ ഇപ്പോള്‍ ഉള്ളത്.
രാത്രിയില്‍ കൃഷിത്തോട്ടത്തില്‍ എത്തി ഭക്ഷണം കണ്ടെത്തുകയാണ് ഇപ്പോൾ അരിക്കൊമ്പൻ ചെയ്യുന്നത്. കമ്പത്ത് നാട്ടിലിറങ്ങിയതിന് തൊട്ടുപിന്നാലെയുള്ള ദിനങ്ങളില്‍ അരിക്കൊമ്പന്‍ ക്ഷീണിതനായിരുന്നു.
ആനയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് വനംവകുപ്പ് അരിയുള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കള്‍ വനത്തില്‍ പലയിടത്തും എത്തിച്ചു നല്‍കിയതെന്ന് കമ്പം എംഎൽഎ എൻ രാമകൃഷ്ണൻ അറിയിച്ചു.
അതേസമയം. മിഷൻ അരിക്കൊമ്പൻ തുടരുമെന്ന് തമിഴ്നാട് സഹകരണ മന്ത്രി ഐ പെരിയസ്വാമി അറിയിച്ചു. അരിക്കൊമ്പൻ ആക്രമണകാരിയല്ല. സാധുവായ കാട്ടാനയാണ്. അതിനെ ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിക്കൂ. ആനയെ പിടികൂടി ഉൾക്കാട്ടിൽ തുറന്ന് വിടുമെന്നും 300 പേരടങ്ങുന്ന സംഘം അരിക്കൊമ്പനെ നിരീക്ഷിച്ച് വരുന്നതായും മന്ത്രി ഇടുക്കി കുമളിയിൽ പറഞ്ഞു.
അരിക്കൊമ്പനെ പിടികൂടാനുള്ള തമിഴ്നാട് വനംവകുപ്പിന്‍റെ ശ്രമം ഇന്ന് ആറാം ദിവസത്തിലേക്ക് കടക്കുകയാണ്. ആന ഷൺമുഖനദി ഡാമിനോടു ചേർന്നുള്ള വനമേഖലയിലുണ്ടെന്നാണ് റേഡിയോ കോളർ സിഗ്നലിൽ നിന്ന് മനസ്സിലാകുന്നത്. രണ്ട് ദിവസമായി അരിക്കൊമ്പൻ ഈ മേഖലയിൽ തുടരുകയാണ്.