01 June, 2023 05:43:08 PM


ആലുവ റെയിൽവേ സ്റ്റേഷന് സമീപം കടയ്ക്ക് നേരെ ആക്രമണം: പ്രതി അറസ്റ്റിൽ



ആലുവ: റെയിൽവേ സ്റ്റേഷൻ പരിസരത്തെ ചായക്കടയിൽ ആക്രമണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ആലുവ പട്ടേരിപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന കോമ്പാറ എൻ.എ.ഡി ഭാഗത്ത് തൈക്കണ്ടത്തിൽ വീട്ടിൽ ഫൈസൽ (33) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ചയാണ് സംഭവം. ചായക്കട ഉടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇരുമ്പ് പൈപ്പുകൊണ്ട് കട ആക്രമിക്കുകയായിരുന്നു. ചില്ല് തെറിച്ച് കൊണ്ട് ജീവനക്കാരനായ ലിറ്റൺ ഖാന്‍റെ മൂക്കിന് പരിക്കേറ്റിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോണും മറ്റും തട്ടിപ്പറിച്ചെടുക്കുന്നത് ചോദ്യം ചെയ്തതിലെ വിരോധമാണ് ആക്രമണത്തിന് കാരണമായത്. തുടർന്ന് പട്ടേരിപ്പുറത്തെ വീട്ടിൽ പൊലീസ് ഇയാളെ പിടികൂടാനെത്തിയപ്പോൾ നായയെ അഴിച്ച് വിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

പിന്നീട് കൂടുതൽ പൊലീസെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാനും ശ്രമം നടത്തി. പ്രതിയെ കൊണ്ടു വന്ന പൊലീസ് ജീപ്പിന്‍റെ പുറകുവശത്തെ ഗ്ലാസും അടിച്ചു തകർത്തു. സ്റ്റേഷനിലും, ആശുപത്രിയിലും ഒച്ചപ്പാടും ബഹളവും സൃഷ്ടിച്ചു.

ചായക്കടയിൽ അക്രമം നടത്തിയതിനും, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും, പൊലീസ് വാഹനം കേട് വരുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തു. ഫൈസലിനെതിരെ കളമശേരി, ആലങ്ങാട്, എടത്തല, പാലാരിവട്ടം സ്റ്റേഷനുകളിൽ അഞ്ച് കേസുകളുണ്ട്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദേശത്താൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ്, എസ്.ഐമാരായ സി.ആർ.ഹരിദാസ്, എസ്.എസ്.ശ്രീലാൽ സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം മനോജ്, എം.എസ്.സന്ദീപ്, എസ് സുബ്രമണ്യൻ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K