30 May, 2023 09:07:52 PM


തട്ടുകടയിലെ സംഘർഷം : ആറ് പേർ അറസ്റ്റിൽ*


 ഏറ്റുമാനൂരിലെ കാരിത്താസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ പൊറോട്ട നൽകാൻ വൈകിയതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിന്റെ പേരിൽ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തെള്ളകം പടിഞ്ഞാപ്രത്ത് വീട്ടിൽ ജിതിൻ ജോസഫ് (28), എസ്.എച്ച് മൗണ്ട് ഭാഗത്ത് കണിയാംപറമ്പിൽ വീട്ടിൽവിഷ്ണു (25), പെരുമ്പായിക്കാട് കണിയാംപറമ്പിൽവീട്ടിൽ സഞ്ജു കെ.ആർ(30), ഇയാളുടെ സഹോദരനായ കണ്ണൻ കെ.ആർ (33), പാറമ്പുഴ മാമ്മുട് വട്ടമുകൾ  കോളനിയിൽ മഹേഷ്‌ (28), പെരുമ്പായിക്കാട് മരങ്ങാട്ടിൽ വീട്ടിൽ നിധിൻ (28) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ  സംഘംചേർന്ന് 28 ആം തീയതി രാത്രി 9:20 മണിയോടുകൂടി കാരിത്താസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന തട്ടുകടയിലെത്തി തട്ടുകട ഉടമയേയും ജീവനക്കാരെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സംഭവം നടക്കുന്നതിന് ഒരു മണിക്കൂർ മുൻപായി യുവാക്കളിൽ രണ്ടുപേർ തട്ടുകടയിൽ എത്തി പൊറോട്ട ഓർഡർ ചെയ്ത സമയത്ത്  10 മിനിറ്റ് താമസമുണ്ട് എന്ന് കടയുടമ പറഞ്ഞതിനെ തുടർന്ന്    ഇവർ കടയുടമയെ ചീത്ത വിളിച്ച് ഭീഷണിപ്പെടുത്തി അവിടെ നിന്ന് പോവുകയായിരുന്നു. അതിനുശേഷമാണ് സംഘം ചേർന്ന് ഇവർ തട്ടുകടയിൽ തിരിച്ചെത്തി ആക്രമണം നടത്തിയത്. സംഘം ചേർന്ന് കടയിൽ എത്തിയ ഇവർ  തട്ടുകട അടിച്ചു തകർക്കുകയും ഉടമയെയും, ജീവനക്കാരെയും മർദ്ദിക്കുകയും,കയ്യിലിരുന്ന ഹെൽമെറ്റ് കൊണ്ടും, ഇരുമ്പ് കസേര ഉപയോഗിച്ചും തലയ്ക്ക് അടിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം  ഇവരെ ആറു പേരെയും വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയായിരുന്നു. പ്രതികളിൽ ഒരാളായ ജിതിൻ ജോസഫിന് ഗാന്ധിനഗർ സ്റ്റേഷനിൽ ക്രിമിനൽ  കേസ് നിലവിലുണ്ട്. മറ്റൊരു പ്രതിയായ മഹേഷിന് ഗാന്ധിനഗർ സ്റ്റേഷനിൽ എൻ.ഡി.പി.എസ് കേസും, അടിപിടി കേസും നിലവിലുണ്ട്. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, സി.പി.ഓ മാരായ രഞ്ജിത്ത്,ഡെന്നി പി.ജോയി, സ്മിതേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K