30 May, 2023 05:51:47 PM
എല്ലാ റവന്യൂ ഓഫീസുകളും ചുരുങ്ങിയ കാലയളവിനകം ഡിജിറ്റലൈസ് ചെയ്യും- മന്ത്രി കെ. രാജൻ
കോട്ടയം : കേരളത്തിലെ എല്ലാ റവന്യൂ ഓഫീസുകളും ചുരുങ്ങിയ കാലയളവിനുള്ളിൽ ഡിജിറ്റലൈസ് ചെയ്തു സേവനങ്ങൾ സുതാര്യമായി ലഭ്യമാക്കുമെന്നു റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ പറഞ്ഞു. പൂഞ്ഞാർ തെക്കേക്കര സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫീസ് വരെ എല്ലാതലത്തിലും ഡിജിറ്റലൈസേഷൻ നടപ്പിലാക്കും. കേരളപ്പിറവി ദിനത്തിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമ്പോൾ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ആദ്യ വകുപ്പായി റവന്യൂ മാറും. റവന്യൂ വകുപ്പ് സേവനങ്ങൾ ഡിജിറ്റലായി ലഭ്യമാക്കുന്ന മാർഗ്ഗങ്ങളെക്കുറിച്ചു അവബോധം സൃഷ്ടിക്കുവാൻ റവന്യൂ ഇ- സാക്ഷരത പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. രജിസ്ട്രേഷൻ നടപടികൾക്ക് തുക കണ്ടെത്താൻ സാധിക്കാത്തതിനാൽ 27 വർഷമായി പട്ടയം ലഭിച്ചില്ല എന്ന പരാതിയുമായി ഉ്ദ്ഘാടനച്ചടങ്ങിലെത്തിയ പാതാമ്പുഴ കീരിയാനിയ്ക്കൽ വീട്ടിൽ സരോജിനിയ്ക്ക് ഓഗസ്റ്റ് 30നകം പട്ടയം ലഭ്യമാക്കുമെന്നു മന്ത്രി ഉറപ്പു നൽകി.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 72 ലക്ഷം രൂപയ്ക്കാണ് പുതിയ വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിച്ചത്. 2057 ചതുരശ്ര അടിയിൽ നിർമ്മിച്ച ഇരുനില കെട്ടിടം ഭിന്നശേഷി സൗഹൃദമാണ്. നാലു മുറികൾ, ശുചിമുറികൾ, ഫ്രണ്ട് ഓഫീസ്, പാർക്കിംഗ് ഏരിയ, വെയിറ്റിംഗ് ഏരിയ, വർക്ക് സ്റ്റേഷനുകൾ, റാമ്പ്, ഇരിപ്പിടങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് കെട്ടിടം. ചുരുങ്ങിയ കാലയളവിനുള്ളിൽ വില്ലേജ് ഓഫീസിന്റെ പണി പൂർത്തീകരിച്ച ജില്ലാ നിർമിതി കേന്ദ്രത്തെയും മന്ത്രി അഭിനന്ദിച്ചു.
ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ശ്രീകല, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അജിത് കുമാർ നെല്ലിക്കച്ചാലിൽ, അഡ്വ. അക്ഷയ് ഹരി, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഷാജി, ഗ്രാമപഞ്ചായത്തംഗം അനിൽകുമാർ എം. കെ. മഞ്ഞപ്ലാക്കൽ, പാലാ ആർ.ഡി.ഒ. പി.ജി. രാജേന്ദ്രബാബു, മീനച്ചിൽ തഹസീൽദാർ കെ.എം. ജോസുകുട്ടി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. വി. ബി. ബിനു, കെ.എഫ്. കുര്യൻ കളപ്പുരയ്ക്കൽപറമ്പിൽ, ഇ.കെ. മുജീബ്, ജോയി ജോർജ്, എം.സി. വർക്കി, പി.ജി. സുരേഷ്, ദേവസ്യാച്ചൻ വാണിയപ്പുര, സെബാസ്റ്റ്യൻ കുറ്റിയാനി എന്നിവർ പങ്കെടുത്തു.