27 May, 2023 11:49:14 AM


അരിക്കൊമ്പനെ തളയ്ക്കാനുള്ള തമിഴ്നാട് മിഷൻ വൈകിട്ട് മൂന്നിന്; കുങ്കിയാനകള്‍ പുറപ്പെട്ടു



കുമളി: ചിന്നക്കനാലില്‍നിന്ന് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലെത്തിച്ച അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തി ഭീതി പരത്തിയ പശ്ചാത്തലത്തില്‍ ആനയെ തളയ്ക്കാന്‍ മിഷനൊരുങ്ങി തമിഴ്നാട് സർക്കാർ. 

തമിഴ്നാടിന്‍റെ പല ഭാഗങ്ങളില്‍നിന്നായി കുങ്കിയാനകളെ കമ്പത്തേക്ക് എത്തിക്കാനുള്ള നടപടികളാരംഭിച്ചു. ആനമലയില്‍നിന്നും മുതുമലയില്‍നിന്നും കുങ്കിയാനകള്‍ പുറപ്പെട്ടു. ഇന്ന് വൈകിട്ട് മൂന്നിന് മിഷൻ ആരംഭിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.

കേരള അതിർത്തിയോടു ചേർന്ന് തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ കാട്ടാന അരിക്കൊമ്പനെ പിടികൂടാൻ എല്ലാ വകുപ്പുകളും സഹകരിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭ്യർത്ഥിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആനയെ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കമ്പത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പുതന്നെ അരിക്കൊമ്പനെ കാട്ടിലേക്ക് നീക്കാനായി ഊര്‍ജിത ശ്രമമാണ് തമിഴ്നാട് വനംവകുപ്പ് നടത്തുന്നത്. ലോവര്‍ ക്യാമ്പില്‍നിന്ന് വനാതിര്‍ത്തി വഴിയാണ് അരിക്കൊമ്പന്‍ കമ്പം ടൗണിലെത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K