23 May, 2023 06:29:43 PM


യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എരുമേലിയിൽ 5പേർ അറസ്റ്റിൽ



കോട്ടയം: എരുമേലിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറുവമൊഴി കൊരട്ടി ഭാഗത്ത് കൊണ്ടുപ്പറമ്പിൽ വീട്ടിൽ വിമൽ എന്ന് വിളിക്കുന്ന അഖിൽ വിജയൻ (31), കുറുവാമൊഴി കൊരട്ടി ആലംപരപ്പ് കോളനി ഭാഗത്ത് കേളിയംപറമ്പിൽ വീട്ടിൽഅപ്പു എന്ന് വിളിക്കുന്ന അലൻ ജോൺ (24), കുറുവാമൊഴി കൊരട്ടി ഭാഗത്ത് കരിമ്പനാകുന്നേൽ വീട്ടിൽപൊന്നാച്ചൻ എന്ന് വിളിക്കുന്ന അമൽ കെ.ഷാജി (21) എരുമേലി നേർച്ചപ്പാറ ഭാഗത്ത് തെങ്ങുംവിളയിൽ വീട്ടിൽ പൊന്നു എന്ന് വിളിക്കുന്ന അനന്തു അജി (23)കൂവപ്പള്ളി ആലംപരപ്പ് കോളനി ഭാഗത്ത് പുത്തൻവിളയിൽ വീട്ടിൽ അനന്തു മോഹനൻ (25) എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. 

ഇവർ സംഘം ചേർന്ന് 19 ആം തീയതി രാത്രി 10.30 മണിയോടെ  എരുമേലി വാഴക്കാല പെട്രോൾ പമ്പിന്  സമീപം വച്ച് എരുമേലി മുട്ടപ്പള്ളി സ്വദേശിയായ  യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർ യുവാവിനെ ചീത്തവിളിക്കുകയും, മർദ്ദിക്കുകയും, തുടർന്ന് യുവാവിനെ കമ്പ് കൊണ്ടും കല്ലുകൊണ്ടും തലയ്ക്ക് ആക്രമിക്കുകയായിരുന്നു. 

പ്രതികളിലൊരാൾ യുവാവിനോട് പണം ചോദിക്കുകയും, യുവാവ് പണം നൽകാതിരുന്നതിനുള്ള വിരോധം മൂലമാണ് ഇവർ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിന് മുന്‍പും  ഇവർ ഇയാളെ  ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയിരുന്നു. കൂടാതെ മുന്‍പ് യുവാവ് ഡ്രൈവറായി  ജോലി ചെയ്തിരുന്ന ലോഡ്ജിൽ ഇവർ മുറി ആവശ്യപ്പെട്ട് എത്തുകയും എന്നാൽ യുവാവ് ഇവര്‍ക്ക്  മുറി നൽകരുത് എന്ന് പറഞ്ഞതിലുള്ള  വിരോധവും ഇവർക്കിടയിൽ നിലനിന്നിരുന്നു. ആക്രമിച്ചതിനു ശേഷം  ഇവർ സംഭവ സ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. 

പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം  അനന്തു മോഹനനെ എരുമേലിയിൽ നിന്നും മറ്റു നാലു പേരെ എറണാകുളത്തുള്ള ഒരു ലോഡ്ജിൽ നിന്നും പിടികൂടുകയുമായിരുന്നു. പ്രതികളിലൊരാളായ അഖിൽ വിജയന് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ കൊലപാതക ശ്രമ കേസും, അലൻ ജോണിന് എരുമേലി,  തൃശ്ശൂർ വെസ്റ്റ് എന്നിവിടങ്ങളിലായി    എൻ.ഡി.പി.എസും, മോഷണ  കേസും, അമൽ കെ ഷാജിക്ക് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലായി എൻ.ഡി.പി.എസ് കേസുകളും, അനന്തു ഷാജിക്ക്  എരുമേലി, തൃശ്ശൂർ വെസ്റ്റ് എന്നിവിടങ്ങളിലായി എൻ.ഡി പി.എസ്, അടിപിടി,  മോഷണം എന്നീ കേസുകൾ നിലവിലുണ്ട്. എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു ഇ.ഡി,  എസ്.ഐ ശാന്തി കെ. ബാബു, എസ്.ഐ രാജേഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ ഇവരെ  റിമാൻഡ് ചെയ്തു.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K