20 May, 2023 10:32:30 AM
കർണാടകയിൽ ഇന്ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരമേൽക്കും
ബെംഗ്ലൂരു: കർണാടകയിൽ ഇന്ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരമേൽക്കും. ഇന്ന് ഉച്ചയ്ക്ക് 12.30 ന് കൺഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന വർണാഭമായ ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനുമൊപ്പം 8 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. 34 അംഗങ്ങളാണ് നിയസഭയിലെ പരാമാവധി അംഗസംഖ്യ. ഗവർണർ താവർചന്ദ് ഗെലോട്ടാവും സത്യവാചകം ചൊല്ലിക്കൊടുക്കുക.
ജി. പരമേശ്വര, കെ.എച്ച്. മുനിയപ്പ, കെ.ജെ. ജോർജ് , എം.ബി. പാട്ടീൽ, സതീഷ് ജർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഢി, സമീർ അഹമ്മദ് ഖാൻ എന്നിവരാണ് ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത് .
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിശാല പ്രതിപക്ഷ ഐക്യത്തിന്‍റെ വേദിയായി മാറും കർണാടക സത്യപ്രതിജ്ഞ ചടങ്ങ്. കോൺഗ്രസ് നേതാക്കൾക്കു പുറമേ ബിജെപി ഇതര നേതാക്കൾക്കാണ് ക്ഷണം.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, രാജ്സ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത്, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.