08 April, 2023 09:06:10 AM
15മിനിറ്റ് വൈകി വിളിച്ചതിന്‍റെ പേരില്‍ തർക്കം: മകൻ അച്ഛനെ കൊലപ്പെടുത്തി

തൃശൂര്‍: ഉറക്കത്തിൽനിന്ന് എഴുന്നേൽപിക്കാൻ വൈകിയെന്നതിന്‍റെ പേരിലുണ്ടായ തർക്കത്തെത്തുടർന്ന് മകൻ അച്ഛനെ കൊലപ്പെടുത്തി. കോടന്നൂർ ആര്യംപാടം ചിറമ്മൽ വീട്ടിൽ ജോയിയാണ് (60) മരിച്ചത്. സംഭവത്തിൽ മകൻ റിജോയെ (25) പോലീസ് കസ്റ്റഡിയിലെടുത്തു.
റിജോ വെൽഡിങ് ജോലിക്കാരനാണ്. വെളളിയാഴ്ച വൈകുന്നേരം പണി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തിയ റിജോ രാത്രി 8.15ന് വിളിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞ് ഏൽപ്പിച്ചിരുന്നു. എന്നാൽ 8.30 ഓടെ റിജോയെ വിളിച്ചെഴുന്നേൽപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്ന് വിളിക്കാൻ നേരം വൈകിയെന്നുപറഞ്ഞ് വീട്ടുകാരുമായി തർക്കത്തിലാവുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇത് ജോയി ചോദ്യം ചെയ്തതോട ഇവർ തമ്മില്‍ വഴക്കായി. വഴക്കിനൊടുവിൽ റിജോ പിതാവിനെ നിലത്ത് തള്ളിയിട്ട് തല നിലത്ത് ഇടിക്കുകയും മർദിക്കുകയുമായിരുന്നു. സാരമായി പരിക്കേറ്റ ജോയിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.