06 August, 2016 03:48:48 PM


വിവാഹ മോചനം തേടി അമലാപോള്‍ കോടതിയില്‍



ചെന്നൈ: നടി അമല പോള്‍ സംവിധായകന്‍ എ.എല്‍ വിജയില്‍ നിന്ന് വിവാഹമോചനം തേടി കോടതിയില്‍. ചെന്നൈയിലെ കുടുംബ കോടതിയിലാണ് അമല വിവാഹമോചനത്തിനുള്ള ഹര്‍ജി നല്‍കിയത്. കുടുംബ കോടതിയില്‍ അഭിഭാഷകന്‍ സായിബ് ജോസ് കിടങ്ങൂര്‍ മുഖേനയാണ്  വിവാഹ മോചന അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

വേര്‍പിരിയുന്നത് സംബന്ധിച്ച് എ.എല്‍ വിജയ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച്  അമലപോള്‍ ഇതുവരെ പരസ്യ പ്രസ്താവന നടത്തിയിട്ടില്ല. വിവാഹമോചന വാര്‍ത്ത പുറത്തുവന്നതു മുതല്‍ വിവിധ മാധ്യമങ്ങള്‍ അമലയുമായി ആശയവിനിമയം നടത്തിയിരുന്നുവെങ്കിലും അവര്‍ പ്രതികരിച്ചില്ല. മാധ്യമങ്ങളിലൂടെ ഒന്നും പറയേണ്ടെന്ന നിലപാടിലാണ് അമല.

എ.എല്‍ വിജയ് സംവിധാനം ചെയ്ത ദൈവത്തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അമല വിജയയുമായി പ്രണയത്തിലായത്. 2014 ജൂണ്‍ 12 നായിരുന്നു വിവാഹം. വിവാഹത്തിനു ശേഷം അഭിനയരംഗത്ത് സജീവമായതാണ് ബന്ധത്തില്‍ വിള്ളലുണ്ടാക്കിയതെന്നാണ് സൂചന.

ഷാജഹാനും പരീക്കുട്ടിയും എന്ന മലയാള ചിത്രത്തിലാണ് അമല ഒടുവില്‍ അഭിനയിച്ചത്. ധനുഷിനൊപ്പമുള്ള വാടാ ചെന്നൈ എന്ന ചിത്രത്തിന്‍റെ തിരക്കിലാണ് ഇപ്പോള്‍. കിച്ച സുദീപ് നായകനാകുന്ന തെലുങ്ക് ചിത്രത്തിലും അമലയാണ് നായികാ വേഷത്തിലത്തെുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K