24 March, 2023 03:32:14 PM
നടക്കാനിറങ്ങിയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ടുപേര്‍ പിടിയില്‍

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ വ്യാഴാഴ്ച്ച വൈകുന്നേരം നടക്കാനിറങ്ങിയ സമയത്ത് ആൺസുഹൃത്തിനെ വിവസ്ത്രനാക്കി മരത്തിൽ കെട്ടിയിട്ട ശേഷം ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ മുംബൈ സ്വദേശികളായ 22,25 വയസ് പ്രായമുള്ള രണ്ടു പേരെ പൊലീസ് പിടികൂടി.
ഒരു താഴ്വാരത്തുകൂടി നടന്നു നീങ്ങുകയായിരുന്ന പെൺകുട്ടിയെയും സുഹൃത്തിനെയും പ്രതികൾ തടഞ്ഞുനിർത്തുകയും ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് ഇരുകൂട്ടർക്കും ഇടയിൽ തർക്കമുണ്ടായി.
പ്രതികളിലൊരാൾ ബിയർ കുപ്പി ഉപയോഗിച്ച് പെൺകുട്ടിയുടെ സുഹൃത്തിന്‍റെ തലയ്ക്കടിച്ചു. പിന്നാലെ അയാളെ വിവസ്ത്രനാക്കുകയും മരത്തിൽ കെട്ടിയിടുകയും ചെയ്തു. തുടർന്ന് പ്രതികൾ ഇരുവരും ചേർന്ന് പെൺകുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പേഴ്‌സ് പ്രതികൾ കത്തിച്ചുകളയുകയും ചെയ്തു.
സംഭവസ്ഥലത്തു നിന്ന് എങ്ങനെയോ രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലേക്ക് മടങ്ങിയെത്തി പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തിയാണ് സുഹൃത്തിനെ മോചിപ്പിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ പ്രതികളെ മാർച്ച് 27 വരെ റിമാന്‍ഡ് ചെയ്തു.