24 March, 2023 12:11:39 PM
ഇന്ധനചെലവും വിലകയറ്റവും വര്‍ധിക്കുന്നു; വാഹനങ്ങളുടെ വില വീണ്ടും ഉയർത്തുന്നു
കൊച്ചി: ഇന്ധന ചെലവിലുള്ള വർധനവും അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റവും കണക്കിലെടുത്ത് രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കൾ കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും വില ഉയർത്തുന്നു. ഉത്പാദന ചെലവിലുണ്ടാകുന്ന ഗണ്യമായ വർധനയുടെ പശ്ചാത്തലത്തിൽ അധിക ബാധ്യതയുടെ ഒരു ഭാഗം ഉപഭോക്താക്കൾക്ക് കൈമാറാതെ പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് പ്രമുഖ വാഹന നിർമാതാക്കൾ പറയുന്നു.
വാഹന നിർമാണത്തിന് ഉപയോഗിക്കുന്ന പ്രധാന ലോഹങ്ങളായ ഇരുമ്പ്, അലുമിനിയം, ലെഡ്, ഇൻഡാലിയം തുടങ്ങിയവയുടെയും വിവിധ സെമികണ്ടക്ടർ ചിപ്പുകളുടെയും വില കഴിഞ്ഞ ഒന്നര വർഷമായി തുടർച്ചയായി മുകളിലേക്ക് നീങ്ങുകയാണ്. ഇന്ധന ചെലവിലും ഈ കാലയളവിൽ ഗണ്യമായ വർധനയുണ്ടായി. കഴിഞ്ഞ വർഷം പല തവണ വാഹനങ്ങളുടെ വില വർധിപ്പിച്ചുവെങ്കിലും പൂർണമായും നഷ്ടം നികത്താനായിട്ടില്ലെന്നും കമ്പനികൾ പറയുന്നു. ഇതോടൊപ്പം മലിനീകരണ നിയന്ത്രണ നിയമങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച പുതിയ നിബന്ധനകൾ പാലിക്കാൻ കമ്പനികൾ വലിയ തുകയുടെ മൂലധന നിക്ഷേപം നടത്തേണ്ടി വരുന്നതും അധിക ബാധ്യതകള്‍ സൃഷ്ടിക്കുന്നു.
ഏപ്രിൽ ഒന്നു മുതൽ എല്ലാ വിധ മോഡലുകളുടെയും വിലയിൽ 5 മുതൽ 10 ശതമാനം വർധനയുണ്ടാകുമെന്ന് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുകി വ്യക്തമാക്കി. നാണയപ്പെരുപ്പ ഭീഷണി ശക്തമായതോടെ ഉത്പാദന ചെലവിലുണ്ടായ വർധനയുടെ ഒരു ഭാഗം ഉപഭോക്താക്കൾക്ക് കൈമാറാതെ മറ്റ് മാർഗങ്ങളില്ലെന്ന് ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മാരുതി സുസുകി അറിയിച്ചു. ഏപ്രിൽ മുതൽ ഭാരത് സ്റ്റേജ് 6 നിബന്ധനകൾ എല്ലാ വാഹനങ്ങൾക്കും കേന്ദ്ര സർക്കാർ നിർബന്ധമാക്കിയിട്ടുള്ളതിനാൽ അധിക സംവിധാനങ്ങൾ ഒരുക്കാൻ കമ്പനികൾ അധിക തുക മുടക്കേണ്ട സാഹചര്യമാണെന്നും അവർ പറയുന്നു.
ഏപ്രിൽ 1 മുതൽ തെരഞ്ഞെടുത്ത മോഡലിലുള്ള ഇരു ചക്ര വാഹനങ്ങളുടെ വില 2 ശതമാനം വർധിപ്പിക്കുമെന്ന് പ്രമുഖ ബൈക്ക് നിർമാതാക്കളായ ഹീറോ ഹോണ്ട വ്യക്തമാക്കി. രാജ്യത്തെ പ്രമുഖ വാഹന നിർമാണ കമ്പനിയായ ടാറ്റ മോട്ടോഴ്സിന്റെ വിവിധ മോഡലുകളിലുള്ള കാറുകളുടെ വില ഏപ്രിൽ ഒന്നു മുതൽ 5 ശതമാനം വർധിപ്പിക്കും. കഴിഞ്ഞ 4 മാസത്തിനിടെ രണ്ടാം തവണയാണ് ടാറ്റ മോട്ടോഴ്സ് വാഹനങ്ങളുടെ വില വർധിപ്പിക്കുന്നത്. ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ള എല്ലാ മലിനീകരണ നിയന്ത്രണ നിബന്ധനകളും അധിക സൗകര്യങ്ങളുമായാണ് അടുത്ത സാമ്പത്തിക വർഷം വാഹനങ്ങൾ പുറത്തിറക്കുന്നതെന്ന് ടാറ്റാ മോട്ടോഴ്സ് വക്താവ് പറയുന്നു.
രാജ്യത്ത് പലിശ നിരക്ക് കുത്തനെ കൂടിയതോടെ മൂലധന നിക്ഷേപത്തിലുണ്ടായ വർധനയുടെ ഭാരമാണ് ഉപഭോക്താക്കൾ വഹിക്കേണ്ടി വരുന്നതെന്ന് വാഹന വ്യാപാര രംഗത്തുള്ളവർ പറയുന്നു.