21 March, 2023 01:08:08 PM
സഹോദരനെ കൊന്ന് കഷണങ്ങളാക്കി; 8 വര്‍ഷങ്ങള്‍ക്ക് ശേഷം സഹോദരിയും പങ്കാളിയും പിടിയിൽ

ബെംഗളൂരു: സഹോദരനെ കൊലപ്പെടുത്തിയ കേസിൽ 31 കാരിയും പങ്കാളിയും ബംഗളൂരു പോലീസിന്‍റെ പിടിയിൽ. 2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൃതദേഹം കഷണങ്ങളാക്കി മുറിച്ച് ശരീരഭാഗങ്ങൾ നഗരത്തിലുടനീളമുള്ള പല സ്ഥലങ്ങളിലും വലിച്ചെറിയുകയായിരുന്നു. ലിംഗരാജു സിദ്ധപ്പ പൂജാരി എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരി ഭാഗ്യശ്രീ സിദ്ധപ്പ പൂജാരിയും ലിവ്-ഇൻ പങ്കാളി ശിവപുത്രയുമാണ് അറസ്റ്റിലായത്.
കോളേജ് പഠനകാലം മുതൽ ഭാഗ്യശ്രീയും ശിവപുത്രയും സുഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാൽ, വീട്ടുകാരുടെ എതിർപ്പ് ഭയന്ന് ഇവർ പിന്നീട് ബംഗളൂരുവിലേക്ക് താമസം മാറ്റി. ജിഗാനിക്കടുത്തുള്ള വഡേരമഞ്ചനഹള്ളിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇരുവരും ജിഗാനി ഇൻഡസ്ട്രിയൽ ഏരിയയിലാണ് ജോലി ചെയ്തിരുന്നത്.
2015-ൽ ലിംഗരാജു ഭാഗ്യശ്രീയുടെ വീട്ടിലെത്തി. അന്നാണ് ഭാഗ്യശ്രീയും ശിവപുത്രയും ഒരുമിച്ചാണ് താമസിക്കുന്നതെന്ന സത്യം ഇയാൾ മനസിലാക്കിത്. ഇവരുടെ ബന്ധത്തെ ലിംഗരാജു ശക്തമായി എതിർത്തു. ഇതേച്ചൊല്ലി സഹോദരങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ശിവപുത്രയും ഭാഗ്യശ്രീയും ചേർന്ന് ലിംഗരാജുവിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇരുവരും ചേർന്ന് മൃതദേഹം പല കഷണങ്ങളാക്കുകയും അത് ബാഗുകളിലാക്കി ഒരു ഇറച്ചി കടയിലും അടുത്തുള്ള ഒരു തടാകത്തിലും ഉപേക്ഷിക്കുകയും ചെയ്തു.
അയൽവാസികളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികൾ ജോലി ചെയ്യുന്ന ഫാക്ടറിയിലെത്തി അവരെ ചോദ്യം ചെയ്തത്. ലിംഗരാജുവിന്റെ ബന്ധുക്കളുമായും പോലീസ് ബന്ധപ്പെട്ടു, ഇവർ മൃതദേഹം തിരിച്ചറിയുകയും ചെയ്തു. എന്നാൽ മരിച്ചയാളുടെ തല ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഇതിനിടെ, പ്രതികൾ ഒളിവിൽ പോയി. പിന്നീട് ഭാഗ്യശ്രീയും ശിവപുത്രയും മഹാരാഷ്ട്രയിലെ നാസിക്കിൽ പുതിയ ഐഡന്റിറ്റിയിൽ താമസിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നാസിക്കിലെത്തി ഇരുവരെയും അറസ്റ്റ് ചെയ്ത് ബെംഗളൂരുവിലേക്ക് കൊണ്ടുപോകുകയായിരുന്നു.