27 February, 2023 02:28:46 PM
പാകിസ്ഥാനിൽ ആരോഗ്യമേഖലയിലും പ്രതിസന്ധി; മരുന്നുകൾക്ക് ദൗർലഭ്യം
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന പാകിസ്ഥാനില്‍ ആരോഗ്യ മേഖലയിലും തിരിച്ചടി രൂക്ഷമെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ വിദേശനാണ്യശേഖരത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഇത് അവശ്യമരുന്നുകളുടെ ഇറക്കുമതിയെ സാരമായി ബാധിച്ചെന്നും റിപ്പോര്‍ട്ടുകളിൽ പറയുന്നു. കൂടാതെ ആഭ്യന്തര മരുന്ന് ഉല്‍പ്പാദനത്തിന് വേണ്ട വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിന് ആവശ്യമായ വിദേശനാണ്യശേഖരം രാജ്യത്തില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മരുന്നുകളുടെ അഭാവം രാജ്യത്തെ രോഗികളെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ ആഭ്യന്തര മരുന്ന് ഉല്‍പ്പാദനം സ്തംഭിച്ച അവസ്ഥയിലാണ്. പല ആശുപത്രികളും അടിയന്തര ശസ്ത്രക്രിയയകൾ വരെ നടത്താനാകാത്ത നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ആശുപത്രികളിലെ ഓപ്പറേഷന്‍ തീയേറ്ററുകളില്‍ ഏകദേശം രണ്ടാഴ്ചത്തേക്ക് മാത്രമുള്ള അനസ്‌തേഷ്യ മരുന്നുകള്‍ മാത്രമാണ് ഉള്ളത്. ഗുരുതരരോഗം ബാധിച്ചവരെയാണ് ഇത് ബാധിക്കുകയെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ആശുപത്രികളില്‍ നിന്ന് ജീവനക്കാര്‍ക്ക് കൂട്ടത്തോടെ ജോലി നഷ്ടപ്പെടും. അത് സ്ഥിതി കൂടുതല്‍ വഷളാക്കുകയും ചെയ്യും. പാകിസ്ഥാന്‍റെ മരുന്ന് നിര്‍മ്മാണം പൂര്‍ണ്ണമായും വിവിധ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നാണ് ഇതിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നത്.
സാമ്പത്തിക പ്രതിസന്ധി കാരണം മിക്ക മരുന്ന് നിര്‍മ്മാതാക്കള്‍ക്കും അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാകുന്നില്ല എന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. അതുകൂടാതെ ഇന്ധന വില വര്‍ധന, ഗതാഗത നിരക്കുകളിലെ വര്‍ധന, പാകിസ്ഥാന്‍ രൂപയുടെ കുത്തനെയുള്ള തകര്‍ച്ച എന്നിവയെല്ലാം മരുന്ന് നിര്‍മ്മാണത്തെ ബാധിച്ചിട്ടുണ്ട്. ഇതെല്ലാം കൊണ്ട് തന്നെ മരുന്നുകളുടെ നിര്‍മ്മാണച്ചെലവ് നിരന്തരം വര്‍ദ്ധിക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.അതേസമയം ഈ പ്രതിസന്ധിയ്ക്ക് ഒരു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍ മെഡിക്കല്‍ അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് പകരം ക്ഷാമത്തിന്‍റെ അളവ് വിലയിരുത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍ ഇപ്പോള്‍.
അവശ്യ മരുന്നുകളുടെ ദൗര്‍ലഭ്യം നിര്‍ണ്ണയിക്കാന്‍ സര്‍ക്കാര്‍ നേതൃത്വത്തിലുള്ള സര്‍വേ സംഘങ്ങള്‍ പരിശോധനയ്ക്കായി എത്തിയിട്ടുണ്ടെന്നും മരുന്ന് നിര്‍മ്മാണ വ്യാപാരികള്‍ പറയുന്നു. അവശ്യ മരുന്നുകളില്‍ ചില മരുന്നുകളുടെ ദൗര്‍ലഭ്യം ഭൂരിഭാഗം ഉപഭോക്താക്കളെയും ബാധിക്കുന്നുണ്ടെന്ന് മരുന്ന് നിര്‍മ്മാണ മേഖലയിലെ ചില്ലറ വ്യാപാരികള്‍ പറയുന്നു. Panadol, Insulin, Brufen, Disprin, Calpol, Tegral, Nimesulide, Hepamerz, Buscopan, Rivotril, എന്നീ മരുന്നുകളുടെ ക്ഷാമം രോഗികളെ രൂക്ഷമായി ബാധിക്കുന്നുണ്ടെന്നും വ്യാപാരികള്‍ കൂട്ടിച്ചേർത്തു.
നിലവില്‍ പാകിസ്ഥാനിലെ മരുന്ന് ഉല്‍പ്പാദനം 20-25 ശതമാനം മന്ദഗതിയിലാണെന്ന് പാകിസ്ഥാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ സെന്‍ട്രല്‍ ചെയര്‍മാന്‍ സയ്യിദ് ഫാറൂഖ് ബുഖാരി പറഞ്ഞിരുന്നു. നിലവിലെ നയങ്ങള്‍ (ഇറക്കുമതി നിരോധനം) അടുത്ത നാലോ അഞ്ചോ ആഴ്ച കൂടി തുടരുകയാണെങ്കില്‍ രാജ്യം ഏറ്റവും വലിയ മരുന്ന് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്നും ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.