25 February, 2023 01:01:20 PM


ശമ്പളത്തിൽ ഒരു കുറവും ഇല്ലാതെ ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി; പരീക്ഷണഘട്ടം വിജയം



ലണ്ടന്‍: ആഴ്ചയിൽ നാല് ദിവസം ജോലി, മൂന്ന് ദിവസം അവധി എന്ന് കേൾക്കുന്നത് തന്നെ ജീവനക്കാർക്ക് സന്തോഷം നൽകുന്ന കാര്യമാണ്. അതും ലഭിക്കുന്ന ശമ്പളത്തിൽ ഒരു കുറവും ഇല്ലാതെ ഈ രീതിയിൽ ജോലി ചെയ്യാൻ സാധിച്ചാൽ കൂടുതൽ സന്തോഷം. ഇപ്പോഴിതാ ഈ വിഷയത്തിൽ യുകെയിൽ നടത്തിയ ഒരു പരീക്ഷണ ഫലങ്ങൾ നിങ്ങൾക്ക് കൂടുതൽ പ്രതീക്ഷകൾ നൽകിയേക്കാം.


നാല് ദിവസം ജോലി എന്ന പുതിയ രീതിയുടെ പരീക്ഷണത്തിൽ യുകെയിലെ നിരവധി കമ്പനികൾ പങ്കെടുത്തിരുന്നു. ഇതിൽ പങ്കെടുത്ത കമ്പനികളിലെ ഭൂരിഭാഗം സൂപ്പർവൈസർമാരും ജീവനക്കാരും ഈ രീതി വളരെയധികം ഇഷ്ടപ്പെടുന്നു എന്നാണ് വിവരം. അതുകൊണ്ട് തന്നെ പല കമ്പനികളും ഈ രീതി തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.


ഗവേഷണ ഗ്രൂപ്പായ ഓട്ടോണമിയുടെയും ബോസ്റ്റൺ കോളേജിലെയും കേംബ്രിഡ്ജ് സർവകലാശാലയിലെയും ഗവേഷകരുടെ സഹകരണത്തോടെ അഡ്വക്കസി ഗ്രൂപ്പ് 4 ഡേ വീക്ക് ഗ്ലോബൽ സംഘടിപ്പിച്ച പൈലറ്റ് പ്രൊജക്ടിൽ ഏകദേശം 3,000 ജീവനക്കാർ പങ്കെടുത്തിരുന്നു.


പങ്കെടുത്ത കമ്പനികൾക്ക് അവരുടെ ജീവനക്കാരുടെ വർക്ക് വീക്കുകൾ നാല് ദിവസം എന്ന രീതിയിൽ ചുരുക്കാൻ വ്യത്യസ്ത രീതികൾ അവലംബിക്കാം. പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ ശരാശരി 32 മണിക്കൂറായി കുറയ്ക്കുന്ന രീതിയിൽ വിവിധ രീതികൾ അവലംബിക്കാം. എന്നാൽ ജീവനക്കാർക്ക് ശമ്പളം മുഴുവനായും ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.


ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പരീക്ഷ ഫലങ്ങൾ അനുസരിച്ച്, ജീവനക്കാർ അവരുടെ ഉറക്കം, സമ്മർദ്ദം, വ്യക്തിഗത ജീവിതം, മാനസികാരോഗ്യം എന്നിവ മെച്ചപ്പെടുത്താനായെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ആറ് മാസത്തെ ട്രയൽ സമയത്ത് കമ്പനികളുടെ വരുമാനം "ഒരേ നിലയിലായിരുന്നു" എന്നാൽ മുൻ വർഷങ്ങളിലെ ഈ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ വരുമാനം ശരാശരി 35 ശതമാനം ഉയർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.


പരീക്ഷaണത്തിൽ പങ്കെടുത്ത 61 കമ്പനികളിൽ 56 എണ്ണവും നാല് ദിവസത്തെ വർക്ക് വീക്ക് രീതി നടപ്പിലാക്കുന്നത് തുടരുമെന്ന് അറിയിച്ചു. രണ്ട് കമ്പനികൾ പരീക്ഷണഘട്ടം തുടരും. മൂന്ന് കമ്പനികൾ മാത്രമാണ് നാല് ദിവസത്തെ വർക്ക് വീക്ക് രീതി നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.


വരുമാന വർദ്ധനവ്, ജീവനക്കാരുടെ ക്ഷേമം നവംബറിൽ പ്രസിദ്ധീകരിച്ച മറ്റൊരു ചെറിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് യുകെയിൽ ഇത്തരത്തിൽ ഒരു പഠനം 4 ഡേ വീക്ക് ഗ്ലോബൽ സംഘടിപ്പിച്ചത്. പല രാജ്യങ്ങളിൽ നിന്നുള്ള 30 കമ്പനികളും 1,000 ജീവനക്കാരുമാണ് ആദ്യ പഠനത്തിൽ ഉൾപ്പെട്ടത്. ഇതുവഴി കമ്പനികളുടെ വരുമാനം വർധിപ്പിക്കുകയും, ലീവെടുക്കലും രാജിയും കുറയുകയും ജീവനക്കാരുടെ ക്ഷേമം മെച്ചപ്പെട്ടതായും കണ്ടെത്തിയിരുന്നു. പരീക്ഷണഘട്ടം കഴിഞ്ഞിട്ടും ഒരു സ്ഥാപനവും അഞ്ച് ദിവസത്തെ വർക്ക് വീക്കിലേയ്ക്ക് മടങ്ങാൻ തയ്യാറായിരുന്നില്ല.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K