23 February, 2023 05:21:57 PM


'വാഴക്കുല'യിൽ നോട്ടപിശകു മാത്രം; ചിന്താ ജെറോമിന്‍റെ പ്രബന്ധത്തിൽ വീഴ്ച്ചയില്ലെന്ന് ഗൈഡ്



തിരുവനന്തപുരം:  യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ.ചിന്താ ജെറോമിന്‍റെ വിവാദ ഗവേഷണ പ്രബന്ധത്തില്‍ വീഴ്ചയില്ലെന്ന് ഗൈഡ് കേരള സര്‍വകലാശാല വിസിക്ക് വിശദീകരണം നല്‍കി. പിഎച്ച്ഡി ബിരുദം നേടുന്നതിന് കേരള സർവകലാശാലയിൽ സമർപ്പിച്ച പ്രബന്ധം പൂർണ്ണമായും പരിശോധിച്ച് ബോധ്യപ്പെട്ടതാണെന്നും അതിൽ വീഴ്ച്ചയൊന്നും ഇല്ലെന്നും മുൻ പിവിസി ഡോ. പി.പി അജയകുമാർ നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നു.

ചങ്ങമ്പുഴയുടെ പ്രശസ്തമായ വാഴക്കുലയെന്ന കൃതി വൈലോപ്പിള്ളിയുടേതാണെന്ന് ചിന്തയുടെ പ്രബന്ധത്തിൽ പരാമർശിച്ചത് നോട്ടപ്പിശകാണെന്നും പിശക് തിരുത്തി പ്രബന്ധം അച്ചടിച്ചു പ്രസിദ്ധീകരിക്കുമെന്ന ചിന്തയുടെ വിശദീകരണം ഡോ. അജയകുമാർ വിസിക്ക് നൽകിയ മറുപടിയിലും ആവർത്തിച്ചു. പ്രബന്ധം പല ലേഖനങ്ങളിൽ നിന്നും കോപ്പിയടിച്ചതാണെന്നും അക്ഷരതെറ്റുകളും വ്യാകരണ പിശകുകളും വ്യാപകമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.

സർവകലാശാലയുടെ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്ത പ്രബന്ധം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്കു നൽകിയ പരാതി പരിശോധിച്ച് റിപ്പോർട്ട്‌ നൽകാൻ ഗവർണർ കേരള വിസിയോട് ആവശ്യപ്പെട്ടിരുന്നു. ഗൈഡിന്റെ വിശദീകരണം ലഭിക്കാത്തതു കൊണ്ട് വിസി ഇതുവരെ ഗവർണർക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നില്ല.

പ്രബന്ധത്തിന് മറ്റു പ്രസിദ്ധീകരണങ്ങളുമായുള്ള സമാനത പത്ത് ശതമാനത്തിൽ താഴെയാണെന്നും, യുജിസി ചട്ട പ്രകാരമുള്ള പരിശോധന നടത്തിയതാണെന്നും പ്രബന്ധം പൂർണമായും ഗവേഷകയുടെ സ്വന്തം കണ്ടെത്തലുകളാണെന്നും ഗൈഡിന്റെ വിശദീകരണത്തിൽ വ്യക്തമാക്കുന്നുണ്ട്. ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട ഫയലുകളും  പ്രബന്ധത്തിന്റെ ഒറിജിനൽ പതിപ്പും മൂല്യനിർണയം നടത്തിയ തമിഴ്‌നാട്ടിലെയും ബനാറസിലെയും സർവകലാശാല പ്രൊഫസർമാരുടെ റിപ്പോർട്ടുകളും ഓപ്പൺ ഡിഫൻസ് രേഖകളും വൈസ് ചാന്‍സലര്‍ ആവശ്യപ്പെട്ടതനുസരിച്ചു രജിസ്ട്രാർ സമർപ്പിച്ചിട്ടുണ്ട്

ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ മോഹൻ കുന്നുമ്മേലിനാണ് കേരള സര്‍വകലാശാല വിസിയുടെ ചുമതല നല്‍കിയിരിക്കുന്നത്. 2011ൽ ഗവേഷണത്തിന് കേരള സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ച ചിന്താ ജെറോം 2020-ൽ യുവജന കമ്മീഷൻ അധ്യക്ഷയായിരിക്കവെയാണ് ഗവേഷണം പൂർത്തിയാക്കി തീസിസ് സമർപ്പിച്ചത്. 2021-ൽ സർവകലാശാല  ചിന്തയ്ക്ക് പിഎച്ച്ഡി ബിരുദം നൽകി. പ്രബന്ധം ഒരു വിദഗ്ധസമിതിയെ കൊണ്ട് നേരിട്ട് പരിശോധിപ്പിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി വിസിയോട് ആവശ്യപ്പെട്ടിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K