22 February, 2023 12:34:35 PM
ഇന്ത്യയിൽ നിന്നുള്ള ശീതികരിച്ച സമുദ്രോത്പന്നങ്ങളുടെ വിലക്ക് പിൻവലിച്ച് ഖത്തര്‍
ദോഹ: ഇന്ത്യയിൽ നിന്നുള്ള ശീതികരിച്ച സമുദ്രോത്പ്പന്നങ്ങളുടെ ഇറക്കുമതിയ്ക്ക് ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് ഖത്തർ നീക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇക്കഴിഞ്ഞ നവംബറിലാണ് ഇന്ത്യയിൽ നിന്നുള്ള ശീതികരിച്ച സമുദ്രോത്പ്പന്നങ്ങൾക്ക് ഖത്തർ താൽക്കാലിക വിലക്കേർപ്പെടുത്തിയത്.
ഫിഫ വേൾഡ് കപ്പിന് മുന്നോടിയായി ആയിരുന്നു വിലക്ക്. ഇന്ത്യയിൽ നിന്നെത്തിയ ചില ശീതികരിച്ച സമുദ്രോത്പ്പന്നങ്ങളിൽ വിബ്രിയോ കോളറയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടർന്നായിരുന്നു വിലക്ക്. വിലക്ക് താൽക്കാലികമാണെന്നും മതിയായ പരിശോധനകൾക്ക് ശേഷം നിരോധനം പിൻവലിക്കുമെന്നുമാണ് അന്ന് ഖത്തർ വ്യക്തമാക്കിയിരുന്നത്. തുടർന്ന് കേന്ദ്രസർക്കാരും ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതരും ഈ പ്രശ്‌നം പരിഹരിക്കാൻ മുന്നോട്ട് വന്നിരുന്നു.
തുടർന്ന് ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയവുമായി കേന്ദ്രസർക്കാർ ചർച്ചകൾ നടത്തിയിരുന്നു. അതിന്റെ ഫലമായി ഫെബ്രുവരി 16ന് ഖത്തർ സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിലാണ് വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട സൂചന നൽകിയത്. അതേസമയം ചിൽഡ് സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയ്ക്ക് മേലുള്ള നിയന്ത്രണങ്ങൾ തുടരുന്നതാണ്. ഫ്രോസൻ ഉത്പന്നങ്ങൾക്ക് മേലുള്ള വിലക്കാണ് നീക്കിയത്.
സമുദ്രോൽപ്പന്നങ്ങൾ പശ്ചിമേഷ്യയിലേക്ക് കയറ്റുമതി ചെയ്തയിനത്തിൽ ഏകദേശം 90 കോടി രൂപയോളം ഇന്ത്യയ്ക്ക് നേടിത്തന്നത് ചെമ്മീൻ ആണെന്നാണ് റിപ്പോർട്ട്. അതേസമയം സമുദ്രോത്പ്പന്ന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് അനുകൂല സമയമാണ് ഇപ്പോൾ. ചിൽഡ് സമുദ്രോത്പന്നങ്ങൾക്ക് ഖത്തർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ഉടൻ നീക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫെബ്രുവരി 15 മുതൽ 17 വരെ നടന്ന ഇന്ത്യ ഇന്റർനാഷണൽ സീ ഫുഡ് ഷോയുമായി ബന്ധപ്പെട്ട് നഗരത്തിലെത്തിയ എംപിഇഡിഎ ചെയർമാൻ ഡിവി സ്വാമി പറഞ്ഞു.
2021-22 കാലത്ത് ഏകദേശം 143 കോടി രൂപയുടെ സമുദ്രോത്പ്പന്ന കയറ്റുമതി നടന്നിരുന്നു. ഇതിൽ നാലിൽ മൂന്ന് ഭാഗം ലാഭവും ശീതീകരിച്ച സീഫുഡിൽ നിന്നായിരുന്നു. ശീതീകരിച്ച (ഫ്രോസൻ) സമുദ്രഉൽപ്പന്നങ്ങൾ മൈനസ് 20 ഡിഗ്രിയിൽ ആണ് സൂക്ഷിക്കുന്നത്. അതേസമയം തണുപ്പിച്ച സമുദ്രവിഭവങ്ങൾ സംഭരിക്കുന്നത് 3-4 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ്.