09 February, 2023 08:39:25 PM
ഈരാറ്റുപേട്ടയിലെ വാഹന തട്ടിപ്പ് കേസ്; മുഖ്യസൂത്രധാരൻ കായംകുളത്ത് അറസ്റ്റിൽ
പാലാ: ഈരാറ്റുപേട്ടയിൽ മാസ വാടകയ്ക്ക് വാഹനം വാങ്ങിയതിന് ശേഷം വാഹനം തിരികെ നൽകാതെ കബളിപ്പിച്ച കേസിലെ മുഖ്യസൂത്രധാരനെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം ദേവി കുളങ്ങര ഭാഗത്ത് പുന്നൂർപിസ്‌ഗ വീട്ടിൽ ഡാനിയേൽ ഫിലിപ്പ് മകൻ ജിനു ജോൺ ഡാനിയേൽ (38) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും കൂട്ടാളിയും ചേർന്ന് തലപ്പലം നാരിയങ്ങാനം സ്വദേശിയുടെ ബൊലേറോ വാഹനം മാസ വാടകയ്ക്ക് എടുക്കുകയും തുടർന്ന് വാഹനം തിരികെ നൽകാതെ കബളിപ്പിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജിനു ജോണിന്റെ കൂട്ടാളിയായ പാലക്കാട് സ്വദേശി ശിവശങ്കരപ്പിള്ളയെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ജിനു ജോണാണ് ശിവശങ്കരപ്പിള്ളയെ മുൻനിർത്തി വാഹനങ്ങൾ മാസ വാടകയ്ക്ക് എടുപ്പിച്ച് കബളിപ്പിച്ചിരുന്നതെന്ന് മനസ്സിലാക്കി. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശക്തമായ തിരച്ചിലിനോടുവിൽ ഇയാളെ കായംകുളത്ത് നിന്നും പിടികൂടുകയായിരുന്നു.
ജിനു ജോണിന് എറണാകുളം നോർത്ത്, സൗത്ത്, പാലാരിവട്ടം, കളമശ്ശേരി, മൂവാറ്റുപുഴ,മാരാരിക്കുളം, കൊല്ലം വെസ്റ്റ് എന്നീ സ്റ്റേഷനുകളിലായി സമാനമായ 16 കേസുകൾ നിലവിലുണ്ട്. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വർഗീസ് കുരുവിള, സി.പി.ഓ ഷമീർഎന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.