08 February, 2023 03:56:39 PM
തകർന്ന കെട്ടിടങ്ങള്‍ക്കിടയില്‍ യുവതി പ്രസവിച്ചു: കുഞ്ഞിനെ രക്ഷിച്ചു; അമ്മ മരിച്ചു
ഡമാസ്കസ്: സിറിയയില്‍ ഫെബ്രുവരി ആറിന് ഉണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ യുവതി കുഞ്ഞിന് ജന്മം നൽകി. റെസ്‌ക്യൂ സംഘത്തിലൊരാള്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കുഞ്ഞ് രക്ഷപ്പെട്ടെങ്കിലും കുട്ടിയുടെ മാതാപിതാക്കളെ രക്ഷിക്കാനായില്ല. സിറിയയിലെ അഫ്രിനില്‍ നിന്നാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
'ഇതുവരെ പേരിടാത്ത ഈ പെണ്‍കുട്ടി, സിറിയയിലെ അഫ്രിനിലെ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കടിയിലാണ് ജനിച്ചത്. അവളുടെ മാതാപിതാക്കള്‍ ഇരുവരും മരിച്ചു, പക്ഷേ അവള്‍ അതി ജീവിപ്പിച്ചു.' എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
റിക്ടര്‍ സ്‌കെയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തുര്‍ക്കിയെയും സിറിയെയും തകര്‍ത്തത്. പ്രാദേശിക സമയം പുലര്‍ച്ചെ 04:17 ഓടെയാണ് പ്രഭവകേന്ദ്രമായ തുര്‍ക്കിയിലെ ഗാസിയാന്‍ടെപില്‍ ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂകമ്പം പ്രാദേശിക സമയം ഉച്ചയ്ക്ക് 1:24 ന് കഹ്‌റാമന്‍മാരസിലാണ് അനുഭവപ്പെട്ടത്. തൊട്ടുപിന്നാലെ റിക്ടര്‍ സ്‌കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം ഉണ്ടായി.
ദുരന്തഭൂമിയിലേക്ക് നിരവധി രാജ്യങ്ങളാണ് സഹായവാഗ്ദാനം നല്‍കിയിരിക്കുന്നത്. സ്ഥലത്ത് നിയോഗിക്കപ്പെട്ട രക്ഷാപ്രവര്‍ത്തകര്‍ മഴയും കൊടും തണുപ്പും വകവെക്കാതെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ്.
തുര്‍ക്കിയിലേക്ക് അത്യാവശ്യ സാധനങ്ങളടങ്ങുന്ന ദുരിതാശ്വാസ വിഭവങ്ങളുടെ ആദ്യ ബാച്ച് വ്യോമസേനാ വിമാനം വഴി ഇന്ത്യന്‍ ഇതിനോടകം തന്നെ അയച്ചിട്ടുണ്ട്. ഉയര്‍ന്ന വൈദഗ്ധ്യമുള്ള ദേശീയ ദുരന്ത നിവാരണ സേനയുടെ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം, മികച്ച വൈദഗ്ധ്യമുള്ള ഡോഗ് സ്‌ക്വാഡുകള്‍, വിവിധ മെഡിക്കല്‍ സാധനങ്ങള്‍, നൂതന ഡ്രില്ലിംഗ് ഉപകരണങ്ങള്‍, മറ്റ് അത്യാവശ്യ സഹായ ഉപകരണങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.