05 February, 2023 10:29:02 AM


മതനിന്ദാപരമായ ഉള്ളടക്കം നീക്കിയില്ല; വിക്കിപീഡിയ നിരോധിച്ച് പാകിസ്ഥാൻ



ലാഹോര്‍: വിക്കിപീഡിയ നിരോധിച്ച് പാകിസ്ഥാൻ. മതനിന്ദാപരമായ ഉള്ളടക്കം നീക്കിയില്ല എന്നാരോപിച്ചാണ് പാക്കിസ്ഥാൻ ഗവണ്മെന്റ് വിക്കിപീഡിയയ്ക്ക് രാജ്യത്ത് നിരോധനമേർപ്പെടുത്തിയത്.  ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടന്റ്  പിൻവലിക്കണം എന്നാവശ്യപ്പെട്ടു നൽകിയ 48 മണിക്കൂർ സമയം അവസാനിച്ചതോടെയാണ് പൂർണ നിരോധനത്തിലേക്ക് പാകിസ്ഥാൻ ടെലികമ്യൂണിക്കേഷൻ അതോറിറ്റി കടന്നത്. നേരത്തെ വിക്കിപീഡിയയുടെ പ്രവര്‍ത്തനം പാകിസ്ഥാന്‍ തരം താഴ്ത്തിയിരുന്നു.

നാല്‍പത്തിയെട്ട് മണിക്കൂര്‍ നേരത്തേക്കായിരുന്നു ഇത്. ഈ സമയത്തിനുള്ളില്‍ പരാമര്‍ശം നീക്കണമെന്നായിരുന്നു പാകിസ്ഥാന്‍ ടെലികോം അതോറിറ്റി വിക്കി പീഡിയയ്ക്ക് നല്‍കിയ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ ആയ വിക്കി പീഡിയ ലോകത്തിലെ പല ഭാഗത്ത് നിന്നുള്ള ആളുകളാണ് അപ്ഡേഷനുകള്‍ ചെയ്യുന്നത്. കോടതി നിര്‍ദ്ദേശം അനുസരിച്ചാണ് പാകിസ്ഥാന്‍ ടെലികോം അതോറിറ്റി വിക്കിപീഡിയയ്ക്ക് മുന്നറിയിപ്പും വിലക്ക് ഭീഷണിയും നല്‍കിയത്.

ഹിയറിംഗിന് തയ്യാറാകാനോ ആശയം നീക്കാനോ ഒരുങ്ങാത്തത് മൂലമാണ് വിലക്കെന്ന് പാകിസ്ഥാന്‍ ടെലികോം അതോറിറ്റി മാധ്യമങ്ങളോട് വ്യക്തമാക്കി. സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കും യുട്യൂബും ഇതിനോടകം നിയന്ത്രണങ്ങളോടെയാണ് പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നത്. സര്‍വ്വീസ് തുടരാന്‍ അനുവദിക്കണമെന്ന് വിക്കി മീഡിയ പാകിസ്ഥാന്‍ ടെലികോം അതോറിറ്റിയോട് ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K