21 January, 2023 07:02:06 PM
മുക്കുപണ്ടം നൽകി പണം തട്ടിയ കേസിൽ രണ്ടുപേർ വൈക്കത്ത് അറസ്റ്റിൽ
വൈക്കം: വ്യാപാരിയിൽ നിന്നും പണം വാങ്ങി മുക്കുപണ്ടം നൽകിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ ആലപ്ര വെങ്ങോല പട്ടരുമഠം വീട്ടിൽ കൊച്ചുമുഹമ്മദ് മകൻ നൗഷാദ് (48), പെരുമ്പാവൂർ, അറക്കൽപടി വെങ്ങോല, കുടിലിങ്കൽ വീട്ടിൽ യൂസഫ് മകൻ റഹീം കെ.യൂസഫ് (47) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇന്നലെ ഉച്ചയോടു കൂടി കേരള ബാങ്ക് ചെമ്പ് ശാഖയിൽ പണയത്തിൽ ഇരിക്കുന്ന ഇവരുടെ സ്വർണാഭരണങ്ങൾ എടുത്ത് വിൽക്കാൻ സഹായിക്കണമെന്ന് പറഞ്ഞ് തൊടുപുഴയിലുള്ള വ്യാപാരിയെ വിളിച്ചു വരുത്തി ഇയാളില്‍ നിന്നും 2,34000 രൂപ വാങ്ങിയെടുത്തതിനുശേഷം മുക്കുപണ്ടം നൽകി വ്യാപാരിയെ കബളിപ്പിച്ച് കടന്നു കളയുകയായിരുന്നു. വ്യാപാരി വന്നതിനുശേഷം പ്രതികളിൽ ഒരാൾ ബാങ്ക് ജീവനക്കാരൻ എന്ന വ്യാജേന ബാങ്കിനുള്ളിൽ നിന്നും മുക്കുപണ്ടവുമായി പുറത്തുവരികയും വെളിയിൽ നിന്ന ആൾക്ക് ഇത് കൈമാറുകയുമായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇവരിൽ ഒരാളെ ചെമ്പിൽ നിന്നും മറ്റൊരാളെ പെരുമ്പാവൂരിൽ നിന്നും പിടികൂടുകയായിരുന്നു.
പ്രതികളിൽ ഒരാളായ നൗഷാദിന് വെള്ളത്തൂവൽ, പെരുമ്പാവൂർ, കോടനാട്,കുന്നത്തുനാട്, ഷോർണൂർ, പെരിന്തൽമണ്ണ, തിരുവനന്തപുരം മെഡിക്കൽ കോളേജ്, എറണാകുളം സെൻട്രൽ, കുറുപ്പുംപടി,ചെങ്ങമനാട്, എടത്തല എന്നീ സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള 16 കേസുകൾ നിലവിലുണ്ട്. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ കൃഷ്ണൻ പോറ്റി, എസ്.ഐ അജ്മൽ ഹുസൈൻ, അബ്ദുൾ സമദ്, സി.പി.ഓ മാരായ ശിവദാസ പണിക്കർ, സന്തോഷ്, അഭിലാഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.