15 January, 2023 06:53:32 PM


നിയമപരിഷ്കരണ ഏജൻസികൾ ആഗോളവൽക്കരണ താല്പര്യം സംരക്ഷിക്കുന്നു - തോമസ് ഐസക്



കൊച്ചി: ആഗോളവൽക്കരണത്തിന്റെ കാലഘട്ടത്തിൽ വിവിധ നിയമങ്ങൾ പരിഷ്കരിക്കുന്നതിനു സർക്കാരിനെ സഹായിക്കുവാൻ രാജ്യാന്തര കൺസൾട്ടിംഗ് ഏജൻസികൾ വരുന്നത് ആഗോളവൽക്കരണത്തിന്റെ താല്പര്യം സംരക്ഷിക്കാനാണെന്ന് മുൻ ധനകാര്യ മന്ത്രിയും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ  ഡോ. തോമസ് ഐസക്  അഭിപ്രായപ്പെട്ടു. വൈദ്യുതി ഉത്പാദനത്തിനും വിതരണത്തിനും പ്രസരണത്തിനുമുള്ള നിയമങ്ങൾ പരിഷ്കരിച്ച്‌  സ്വകാര്യ ഏജൻസികൾക്കു വൈദ്യുതി മേഖലകളിൽ പ്രവേശിക്കുവാൻ നിയമ ഭേദഗതി വരുത്തിയതും, എൽ ഐ സി  ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപങ്ങളുടെ  സ്വകാര്യവൽക്കരണവും  ഇതിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.


കൊച്ചിയിലെ ദേശീയ നിയമ സർവ്വകലാശാലയായ നുവാൽസിലെ എം കെ ദാമോദരൻ അന്താരാഷ്ട്ര നിയമ മികവ് കേന്ദ്രം സംഘടിപ്പിച്ച യുവ  അഭിഭാഷകർക്കായുള്ള അന്താരാഷ്ട്ര ശില്പശാലയിൽ  സമാപന പ്രസംഗം നടത്തുക ആയിരുന്നു  അദ്ദേഹം. വൈസ് ചാൻസലർ ഡോ. കെ. സി. സണ്ണി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡോ. മിനി എസ് , ഡോ. അനിൽ ആർ. നായർ തുടങ്ങിയവർ പ്രസംഗിച്ചു. വികസന പ്രക്രിയയിൽ മാധ്യമങ്ങൾക്കുള്ള പങ്ക്‌ എന്ന വിഷയത്തിൽ മനോരമ  ന്യൂസ് ടി. വി. ഡയറക്ടർ ജോണി ലൂക്കോസ് പ്രഭാഷണം നടത്തി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K